ന്യൂഡൽഹി: തെരുവ് നായ്ക്കളെ കൊല്ലുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനും മൃഗസംരക്ഷണ ബോർഡിനും നോട്ടീസ് അയച്ചു. ഉത്തർപ്രദേശിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് നിരവധി കുട്ടികൾ മരിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് സീതാപൂർ ജില്ലയിൽ തെരുവ് നായ്ക്കളെ പിടികൂടി കൊലചെയ്യാൻ ഉത്തർപ്രദേശ് സർക്കാരും മൃഗസംരക്ഷണ ബോർഡും തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ പരാതി എത്തിയത്.
ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു , എം.എം. ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ചാണ് സീതാപൂർ ജില്ലാ മജിസ്ട്രേറ്റിനും സംസ്ഥാന മൃഗസംരക്ഷണ ബോർഡിനും നോട്ടീസ് നൽകിയത്. സീതാപൂർ ജില്ലയിൽ കുട്ടികളുടെ മരണത്തെക്കുറിച്ച് രണ്ട് വൈരുദ്ധ്യമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ പറഞ്ഞു. ഹൈന പോലുള്ള വന്യജീവികള്‍ കടിച്ച് കുട്ടികൾ മരിക്കുന്നതായി ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, മറ്റൊരു റിപ്പോർട്ടിൽ നായ്ക്കൾ കടിച്ചതാണ് കുട്ടികളുടെ മരണകാരണമാണെന്നാണ് പറയുന്നത് . ജസ്റ്റിസ് ഗാർഗി ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സീതാപൂരിൽ കഴിഞ്ഞ ഏഴു മാസത്തിനിടെ 13 കുട്ടികളുടെ മരണം സംഭവിച്ചതിനെ തുടർന്നാണിത്. മരണകാരണം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. കുട്ടികളുടെ മരണത്തെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ നായ്ക്കളെ കൊല്ലുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.
Post Your Comments