കണക്ക് ഐശ്ചികവിഷയമായി എടുക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്കും കണക്ക് പ്രധാനവിഷയമായി എടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കും വെവ്വേറെ ചോദ്യപേപ്പർ തയ്യാറാക്കുക എന്ന പുതിയ നിർദ്ദേശത്തിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് വിശകലനം ചെയ്തു വരികയാണ് സിബിഎസ്ഇ. ഇതിൽ ഒന്ന് താരതമ്യേന പ്രയാസമേറിയതും മറ്റൊന്ന് ലളിതവുമായിരിക്കും. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ ഭാവിയിൽ ഉപരിപഠനത്തിന് കണക്ക് വേണ്ടാത്ത കുട്ടികൾക്ക് ലളിതമായി തയ്യാറാക്കിയ പരീക്ഷയ്ക്ക് ഹാജരായാൽ മതിയാകും. അതിനായി രണ്ടു രീതിയിലുള്ള പാഠ്യപദ്ധതിയും മുന്നോട്ട് വെയ്ക്കുന്നുണ്ട്.
നിരവധി സ്കൂൾ അധികാരികളുടെ അഭിപ്രായങ്ങളും സിബിഎസ്ഇ ഇക്കാര്യത്തിൽ പരിഗണിക്കുന്നുണ്ട്. 9,10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടിയാണ് ഇത്തരമൊരു നിർദ്ദേശം. മറ്റുള്ള വിഷയങ്ങൾക്കെല്ലാം നല്ല മാർക്ക് ലഭിച്ചാലും കണക്കിന് മാർക്ക് കുറയുന്നത് കാരണം കുട്ടികളുടെ മൊത്തത്തിലുള്ള മാർക്ക് ഗ്രേഡ് കുറയുന്ന അവസ്ഥയിൽ, കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ കൂടി പരിഗണിച്ചാണ് സിബിഎസ്ഇ നിർദ്ദേശം നടപ്പാക്കാൻ ശ്രമിക്കുന്നത്.
രണ്ടു തരം പരീക്ഷകൾ എങ്ങിനെ നടത്തണമെന്ന വിദഗ്ധ സമിതി പഠിച്ചു വരികയാണ്. എഞ്ചിനീയറിംഗ് മേഖലയിലോ, ജെ. ഇ. ഇ (Join Entrance Exam) പോലെയുള്ള പരീക്ഷകളോ എഴുതേണ്ടവർക്ക് കണക്കിന്റെ കടുത്ത പാഠങ്ങൾ പഠിച്ചാൽ മതിയാകും. സയൻസ്, ആതുരസേവന രംഗം എന്നിവയിലേയ്ക്ക് പോകേണ്ടവർ, നീറ്റ് ( NEET-National Eligibility cum Entrance Test) എഴുതാനാഗ്രഹിക്കുന്നവർ,എന്നിവർക്ക് രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാം.
അധ്യാപകർ വളരെ സന്തോഷത്തോടെയാണ് ഈ നിർദ്ദേശം സ്വാഗതം ചെയ്യുന്നത്.വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചു വിജയം കണ്ട ഈ പഠനരീതി കുട്ടികൾക്ക് ആത്മവിശ്വാസം പകരും. ഇത് നടപ്പിലായാൽ രണ്ടു രീതിയിലുള്ള പാഠ്യപദ്ധതിയും നിലവിൽ വരും.കുട്ടികളിലെ “മാത്ത്സ് ഫോബിയ” ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ വർഷം മനുഷ്യ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കർ പ്രത്യേക പാനലിനെയും നിയമിച്ചിരുന്നു. ഈ നിർദ്ദേശം സിബിഎസ്ഇ അംഗീകാരം നല്കിയാൽ എന്‍.സി.ആര്‍.ടി ( NCERT- National council of educational research&training)യ്ക്ക് വിവരങ്ങൾ കൈമാറും. രണ്ടു തരത്തിലുള്ള പാഠ്യപദ്ധതിയ്ക്കും പരീക്ഷയ്ക്കും ഉയർന്ന സർവകലാശാലകളിൽ അംഗീകാരം ലഭിക്കാൻ യുജിസി (UGC-University grants commission) യുടെ അംഗീകാരവും തേടും.
ശിവാനി ശേഖര്‍
Post Your Comments