കോട്ടയം: കെവിന് കൊലപാതകക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ ഇനി പോലീസ് പിടിയിലാകാനുള്ളത് അഞ്ചുപേരാണ്. നീനുവിന്റെ സഹോദരന് ഷാനു ,റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. നീനുവിന്റെ അച്ഛനെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
നീനുവിന്റെ സഹോദരന് ഷാനു ചാക്കോ തിരുവനന്തപുരത്തുള്ളതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇന്നലെയാണ് ഷാനു തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന.
ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
Post Your Comments