തോമസ് ചെറിയാൻ കെ
പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടായത്തിനു ശേഷം ഇന്ത്യയ്ക്ക് കിട്ടിയത് മികച്ച ഒരു അയൽ രാജ്യത്തെയാണ് . സഹോദര സ്നേഹം എപ്രകാരം ആയിരിക്കണമെന്നുള്ള മികച്ച ഉദാഹരണമായിരുന്നു ഇരു രാജ്യങ്ങളും .എന്നാൽ ആ സ്നേഹം അധികനാൾ നീണ്ടുനിന്നില്ല . അതിർത്തിയിൽ ഉണ്ടാകുന്ന വെടിയൊച്ചകൾ സാധാരണ ജനങ്ങളുടെ പേടിസ്വപ്നമായി മാറി . നൂറുകണക്കിന് സൈനികരും സാധാരണക്കാരും ഭീകരവാദികളുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടു . സമാധാനത്തിന്റെ നാളുകൾ വെറും സ്വപ്നമായി തന്നെ അവശേഷിക്കുകയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ . ഭീകര വാദം തുടർ കഥകളാകാൻ തുടങ്ങിയിട്ട് നാളേറെയായി . എന്നിരുന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും ഇരുരാജ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന തീവ്രവാദമെന്ന വിപത്തിനെ തുടച്ചു നീക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല . അധോലോക തലവന്മാർ വരെ തീവ്രവാദത്തിനു പിന്നിലുണ്ടെന്ന് നാം അടുത്തിടെ മാധ്യമങ്ങളിലൂടെ കേട്ടിരുന്നു .
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അതിർത്തിയിൽ പാക്കിസ്ഥാൻ മിന്നലാക്രമണം നടത്തുകയും പിഞ്ചു പൈതങ്ങൾ അടക്കം ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തത് . യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് പാക് ആക്രമണം ആരംഭിച്ചതെന്ന് ഓർക്കണം . ഒരു രാത്രി തുടർച്ചയായി നടത്തിയ ഷെല്ലാക്രമണത്തിൽ 4 പൗരന്മാരെയാണ് നമുക്ക് നഷ്ടമായത്. ഗ്രാമനിവാസികളായ മുപ്പത് പേർക്കും മൂന്നു ബി എസ് എഫ് ജവാന്മാർക്കും പരുക്കേറ്റു. ഈ സംഭവത്തിനു ശേഷം ഒരാഴ്ചയിലധികം തുടർച്ചയായ ആക്രമണമുണ്ടായി. ഇതിൽ 42 പേർക്ക് ജീവൻ നഷ്ടമായെന്ന വിവരം ഞെട്ടലോടെയാണ് രാജ്യം കേട്ടത് . നമ്മുടെ 36 ബി എസ് എഫ് പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത് . സമാധാന അന്തരീക്ഷം നഷ്ടമായതോടെ 40000 കുടുംബങ്ങളാണ് അതിർത്തി മേഖലയിൽ നിന്നും മാറിയത് . സ്വന്തം നാട് വിട്ടു കണ്ണീരോടെ മടങ്ങിയ അവർക്ക് സന്തോഷത്തിൻറെ നാളുകൾ തിരികെ കിട്ടുമോ എന്ന സങ്കടത്തിലാണ് . രാജ്യത്തെ മുഴുവൻ ഇത് കണ്ണീരിൽ ആഴ്ത്തിയിരുന്നു.
എന്നാൽ ഇതിനിടെ പാകിസ്ഥാൻ തന്നെ വെടി നിർത്തൽ പ്രഖ്യാപിക്കുകയും അവരുടെ ഭാഗത്ത് നിന്നുതന്നെ ഇതിന്റെ ലംഘനം ഉണ്ടായതും ഏവരെയും ആശയകുഴപ്പത്തിലാക്കി. സുരക്ഷാ സേനയുടെ വേഷത്തിൽ തീവ്രവാദികൾ അതിർത്തിയിൽ നുഴഞ്ഞു കയറുന്നത് പലതവണ ഇന്ത്യൻ സേന കണ്ടെത്തിയിട്ടുള്ളതാണ് . എന്നിരുന്നിട്ടും സ്വന്തം മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കാൻ പാകിസ്ഥാൻ എന്തുകൊണ്ട് മുൻകൈ എടുക്കുന്നില്ല എന്നുള്ളതും ചോദ്യമായി തന്നെ അവശേഷിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ തയാറാക്കിയ സമാധാന ഉടമ്പടിയുടെ തുടർച്ചയായ ലംഘനം എന്ന് അവസാനിക്കും എന്ന് അയൽ രാജ്യങ്ങൾ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു . ലോകത്തുണ്ടായ യുദ്ധങ്ങളിൽ അങ്ങോട്ടു ചെന്ന് യുദ്ധം ആരംഭിക്കാത്ത രാജ്യമാണ് ഇന്ത്യ . ഇങ്ങോട്ട് വന്നതിനെതിരെ തിരിച്ചടിച്ച ചരിത്രം മാത്രമേ ഇന്ത്യയ്ക്കുള്ളു . അതും ഈ അവസരത്തിൽ അതും നാം ഓർക്കണം .
ലോകമെങ്ങും വികസന പ്രവർത്തനങ്ങളും ജനക്ഷേമവും പ്രധാന വിഷയങ്ങളായി കണ്ടു മുന്നേറുമ്പോൾ ഭീകരവാദമെന്ന ഉഗ്ര വിഷത്തെ എന്തു കൊണ്ട് തുടച്ചു നീക്കാൻ പാകിസ്ഥാന് കഴിയുന്നില്ല എന്നത് ചോദ്യമായി മാത്രം അവശേഷിക്കരുത്. ഇനി വരുന്ന തലമുറ എങ്കിലും യുദ്ധമെന്ന വാക്കു കേൾകാതിരിക്കട്ടെ. മനുഷ്യ സ്നേഹമാണ് യഥാർത്ഥ ദൈവികത എന്ന സത്യം മനസ്സിലാക്കി മുന്നോട്ട് പോകാൻ എല്ലാ മനുഷ്യ ഹൃദയങ്ങൾക്കും കഴിയട്ടെ. റമദാൻ പുണ്യത്തിന്റെ ഈ നാളുകളിൽ നമുക്ക് സമാധാനത്തിനായി ഒരുമയോടെ പ്രാർത്ഥിക്കാം.
Post Your Comments