ഒരു ബുക്കും, വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം വേണം ഏത് ബന്ധത്തിനും. വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. സൈക്കോളജിസ്‌റ് എന്ന നിലക്കും വ്യക്തി എന്ന തരത്തിലും. ഈ ഒരു കാര്യം ഒന്ന് അറിഞ്ഞു മനസ്സിലാക്കി എടുത്താല്‍ എത്ര സ്വസ്ഥവും സമാധാനവും ആണ്. പക്ഷെ , എത്ര ബുദ്ധിമുട്ടാണ് ഇത് പ്രാവര്‍ത്തികം ആക്കാന്‍?
ഒരുവന്റെ സ്വകാര്യതയിലെ കടന്നു കയറ്റം ആണ് ഇവിടെ സൂചിപ്പിക്കുന്നത്. ലോകത്ത് വെച്ച് ഏറ്റവും ആകര്‍ഷകം ആയി തോന്നുന്നത് , അവനവന്‍ മറ്റുള്ളവര്‍ക്ക് നല്കുന്ന ആ ഇടം ആണ്. ചെറിയ ഒരിടം, പക്ഷെ എത്ര മനോഹരവും പുണ്യവും ആയത് എന്തൊരു സുഗന്ധം ആണ്. എത്ര മാത്രം ഓരോ വ്യക്തിയുടെ ജീവിതത്തിലും അത് ആവശ്യം ആണെന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല.
ചുറ്റുമുള്ള ലോകത്തിനെയും മറ്റു ജീവിതത്തെയും സാദാ കണ്ണും നട്ടു ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന അരിഷ്ടകള്‍ മാറാന്‍, സ്വകാര്യത ഒരു മരുന്നാണ്. ആ നിമിഷങ്ങളുടെ കൂട്ടി കുറയ്ക്കലുകളില്‍ മറ്റുള്ളവര്‍ നമ്മളോട് എങ്ങനെ പെരുമാറണം എന്ന് ഇഛിക്കുന്നുവോ അതേ പോലെ തിരിച്ചും പെരുമാറാന്‍ ഒരു ഊര്‍ജ്ജം കിട്ടും, കിട്ടണം. അതിനൊരു അവസരം ആണ് ,അല്ലേല്‍ സ്വാതന്ത്ര്യം ആണ് ഓരോരുത്തരും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടത്.
എന്റെ അനുഭവത്തില്‍ കൊടുത്താല്‍ തിരിച്ചു കിട്ടുന്ന ഒന്നാണ് സ്വകാര്യത. അതിന്റെ ഗുണം എന്തെന്നാല്‍. വീക്ഷണ രീതിയ്ക്ക് വെളിച്ചം വരും. വികാരവിചാരങ്ങള്‍ക്കു മാറ്റം വരും. നമ്മളില്‍ തന്നെ ഉള്ള മാറ്റങ്ങള്‍ കാണാം.പല പ്രശ്‌നങ്ങളും കാണുമ്പോള്‍ ഒരുവന്റെ സ്വകാര്യതയില്‍ ഇടപെടുക എന്നത്, സ്വയം കൊടുക്കുന്ന ഒരു ശിക്ഷ ആണെന്ന് തോന്നാറുണ്ട്.
കൗമാര പ്രായക്കാര്‍ ആയ കുട്ടികളുടെ ഇടയിലാണ് അധികവും ഞാന്‍ ജോലി നോക്കുന്നത്. പ്രണയത്തിന്റെ അങ്ങേയറ്റത്ത് നില്‍കുമ്പോള്‍. രഹസ്യങ്ങളുടെ താക്കോല്‍ എടുത്ത് കയ്യില്‍ വെച്ച് കൊടുക്കും. പാസ്സ്വേര്‍ഡ് ഉള്‍പടെ എല്ലാ രഹസ്യങ്ങളും. പിടിക്ക്..നീ അറിയാത്ത ഒന്നും എനിക്ക് വേണ്ട…! ക്രമേണ തിരിച്ചറിയും. ഇത് ശെരിയാകില്ല എന്ന്. പിന്നെ തമ്മില്‍ അടി. കൗമാരക്കാരുടെ ഇടയില്‍ കാണുന്ന ഇതേ പ്രശ്‌നങ്ങള്‍ , മദ്ധ്യവയസ്സിലും , വാര്‍ധക്യത്തിലും അതേ ഊക്കോടെ ഉണ്ട്. ഒരുപക്ഷെ അതിലും രൂക്ഷതയോടെ…!
അങ്ങനെ ആകുന്നടുതോളം , സ്വര്യം കിട്ടുകയും ഇല്ല. കുടുംബ ജീവിതത്തിലെ വിള്ളലുകളുടെ വില്ലനും പലപ്പോഴും പരസ്പരം ഉള്ള നുഴഞ്ഞു കയറ്റം ആണ്. ലോകത്ത് ഒരു അടിമയും തന്റെ ഉടമയെ സ്‌നേഹിച്ച ചരിത്രം ഇല്ല. കുടുംബകോടതിയില്‍ ചെക്കന്റെ ‘അമ്മ , അമ്മായി അമ്മയുടെ കുറ്റം വാ തോരാതെ പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. സ്വന്തം ‘അമ്മ പറഞ്ഞു കൊടുക്കുന്ന വാക്കുകള്‍ അതേ പടി പ്രാവര്‍ത്തികം ആക്കി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും പൊങ്ങി വരാറില്ല. പെണ്മക്കളുടെ കുടുംബജീവിതത്തില്‍ അമ്മമാര്‍ ഉണ്ടാക്കുന്ന പ്രശ്‌നവും. ‘അമ്മായിഅമ്മമാര്‍ ഉണ്ടാക്കുന്ന പ്രശ്‌നവും ഇപ്പോള്‍ സമാസമം.
ഒന്ന് കൂടി പറയട്ടെ. സംശയ രോഗം ഉടലെടുക്കുന്നത് , പുസ്തകവും വായിക്കുന്ന ആളിന്റെ കണ്ണും തമ്മില്‍ അകലം ഇല്ലാതെ ആകുമ്പോള്‍ ആണ്. ബന്ധങ്ങളുടെ അക്ഷരങ്ങള്‍ വികലമാണ്. ഭാഷ മനസ്സിലാകുന്നില്ല..എന്ന പരാതിയും പരിഭവവും..
വെറുതെ സ്‌നേഹിച്ചു കൂടെ..? മനസ്സിലാക്കാന്‍ നില്‍ക്കാതെ , ഒന്നിനും അല്ലാതെ വെറുതെ ഒരാള്‍ക്ക് ഒരാളെ ചേര്‍ത്ത് വെച്ചൂടെ…? പറയാന്‍ എളുപ്പം..!
ഇവിടെ നിറച്ചും ഡിപ്രഷന്‍” കാറ്റാണല്ലോ. ഗ്രൂപ്പുകള്‍ ഉണ്ടാക്കുക. സന്തോഷം വാരി വിതറുക. പിന്നെ ഒരു സുപ്രഭാതത്തില്‍ , കുറച്ചു പ്രശ്‌നം , അതൊക്കെ കഴിഞ്ഞു വരാം എന്നൊരു കുറിപ്പ് എഴുതി , ഗ്രൂപ്പ് വിട്ട് ഒറ്റയ്‌ക്കൊരു ചില്ലയില്‍ ചേക്കേറുന്ന മനസ്സുകളെ കുറിച്ച് കൂട്ടുകാരി സംസാരിക്കുക ആയിരുന്നു. ഒരാള്‍ അല്ല പലര്‍ ആണ്. നിശ്ശബ്ദതതയുടെ ആഴങ്ങളില്‍ നിന്നും മരണത്തെ കാത്തിരിക്കുന്ന വരികള്‍ നിറഞ്ഞ ഫേസ് ബുക്ക് പേജുകള്‍. ചിലപ്പോള്‍ ഭയപ്പെടുത്തും. ചീഞ്ഞു നാറുന്ന കപട ചിന്തകളുടെ വിഴുപ്പു..!
തന്നെ വേണ്ട എന്ന് തോന്നുന്ന ഇടത്ത് നിന്നും ഇറങ്ങി വരാന്‍ ഒരു ധൈര്യം ഉണ്ടാകണം. അത് അവനവനു സ്വയം കൊടുക്കുന്ന ഒരു ബഹുമാനം തന്നെ ആണ്. മനസ്സ് ചലിച്ചില്ല എങ്കിലും വര്‍ത്തമാനം കൊണ്ട് വിട്ടു പോരുമ്പോള്‍, ആത്മാവ് ഉപേക്ഷിച്ചു പോയ ജഡം പോലെ ആകരുത് മനസ്സ്..
പിടിച്ചു തൂങ്ങി നില്‍ക്കുന്ന ആ ഇടം, ശ്മശാനം പോലെ മരവിച്ചാല്‍ പിന്നെ അവിടെ ജീവനില്ല എന്നോര്‍ത്താല്‍ മതി. ഏത് ബന്ധമോ ആകട്ടെ. വിങ്ങി പൊട്ടുന്ന മനസ്സോടെ അവിടെ ഇട്ടിട്ടു പോകുന്ന സ്‌നേഹത്തിന്റെ വില മറ്റൊന്നിനും ഉണ്ടാകില്ല. സുഖത്തെ മാത്രമല്ല. ദുഃഖത്തെയും സ്‌നേഹിക്കാന്‍ പറ്റണം. പിടിച്ചു വെക്കല്‍ മാത്രമല്ലല്ലോ സ്‌നേഹം.
വിട്ടു കൊടുക്കലും ആണ്…!
Post Your Comments