
രണ്ടു വ്യത്യസ്ത ജാതിയിൽ , മതത്തിൽ പെട്ട കുട്ടികൾ, ഞങ്ങൾ പ്രണയത്തിലാണ് ,
വിവാഹം കഴിയ്ക്കണം മിസ്സിന്റെ സപ്പോർട്ട് ഉണ്ടാകണം എന്ന് പറയുമ്പോൾ നെഞ്ചിൽ ഒരു തീയാണ്. എല്ലാം പറയാൻ ഒരു കൂട്ടുകാരൻ കൂട്ടുകാരി സൗഹൃദത്തിന് ജാതിയും മതവും ഇല്ല. പക്ഷെ , ഒരിക്കൽ , കൂട്ടുകാരൻ മാറി ഭർത്താവ് ആയി തീരുമ്പോൾ, കാമുകി മാറി ഭാര്യ ആയി വരുമ്പോൾ കഥ മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.
തങ്ങൾ ഏറെ ഇഷ്ട്ടപെടുന്ന മക്കളുടെ ആഗ്രഹം നടക്കട്ടെ എന്ന ധാരണയിൽ വീട്ടുകാർ വിവാഹം നടത്തി കൊടുത്തേയ്ക്കും. പക്ഷെ ,പിന്നീട് അവിടെ ജാതി , മതം , അതിലേറെ എന്റെ വീട്ടുകാരുടെ രീതി ഇങ്ങനെ അല്ലേൽ ഞങ്ങളുടെ ആചാരം ഇതാണ് എന്നൊക്കെ ഉള്ള ജല്പനങ്ങൾ അട്ടഹാസങ്ങളും അലർച്ചകളും ആയി തീർന്നേക്കാം. രണ്ടു വ്യക്തികൾ തമ്മിലല്ല ഇരു കുടുംബങ്ങൾ തമ്മിലുള്ള ചേർച്ചയാണ് വിവാഹബന്ധം എന്ന് പറയുന്നവർ ഈ ദമ്പതിമാരുടെ ഇടയ്ക്കു ഉണ്ടാക്കി തീർക്കുന്ന പ്രശ്നങ്ങൾ ചില്ലറ ആയിരിക്കില്ല. ഒരുതരം കശാപ്പു ശാല ആയി മാറും കുടുംബം.
ക്ഷമയും സഹനവും അറിയുന്നവർ പിടിച്ചു നിൽക്കും. പക്ഷെ ,അതൊക്കെ വ്യക്തികളെ ആശ്രയിച്ചിരിക്കും. പ്രണയം കടലോളവും വാനോളവും വ്യാപിച്ചു മനസ്സിന്റെ അറകളിൽ നിറഞ്ഞു തുളുമ്പുമ്പോൾ ജാതിയും മതവും എത്ര മാത്രം ദാമ്പത്യത്തെ പൊള്ളിക്കുമെന്നു ഓർക്കില്ല. പല കേസുകളിലും ശ്രദ്ധിക്കാറുണ്ട്.
പഴയ തലമുറയിലെ പോലെ പ്രത്യക്ഷമായ അടി പിടി ഒക്കെ ഇപ്പോൾ ഒന്ന് ഒതുങ്ങി. സോഫ്റ്റ് പോയിസൺ ആണ് വില്ലത്തികളും വില്ലന്മാരും. ഒന്നിച്ചു ഒത്തു കൂടും , പരസ്പരം വീടുകളിൽ പോയി ഭക്ഷണം കഴിക്കും,വിവാഹങ്ങൾക്ക് പങ്കുചേരും പുറമെ നോക്കിയാൽ ഒക്കെ ശുഭം, ജാതി മാറി വിവാഹം കഴിച്ചാൽ എന്താ,കണ്ടില്ലേ ഒരു പ്രശ്നവും ഇല്ലാതെ സുഖമായി ജീവിക്കുന്നത്. അത് ഭാര്യയുടെ , ഭാര്തതാവിന്റെ കഴിവല്ല കുടുംബത്ത് പിറന്നതിന്റെയാണ്.
തുറന്നു പറയട്ടെ..
അങ്ങനെ സ്വസ്ഥമായി ജീവിക്കാൻ ചില്ലറ സർക്കസ് അല്ല വേണ്ടി വരിക. രണ്ടിലൊരാളുടെ മസ്തിഷ്കത്തിൽ എപ്പോഴെങ്കിലും പ്രണയം മാറി , ജാതി ചിന്തകൾ ശക്തമാക്കാൻ കൃമികൾക്കു സാധിച്ചാൽ , ഒന്നിച്ചു കണ്ട ഒരു വലിയ സ്വപ്നത്തിന്റെ ,വിശ്വാസത്തിന്റെ , സങ്കൽപ്പത്തിന്റെ എല്ലാത്തിന്റെയും കടയ്ക്കൽ വെട്ടേൽക്കും ജീവിതം പിന്നെ യന്ത്രികവും വിരസവും ആയി തീരും. ഒന്നിച്ചു യാത്ര പോകാൻ ഇറങ്ങിയവർ അതിലൊരാൾ പെട്ടന്ന് മാറി നടക്കുക ആണ്. ഒരുപാട് ദൂരം നടന്നു തിരിഞ്ഞു നോക്കുമ്പോൾ ഒറ്റയ്ക്കായി എന്ന് അറിയുന്ന ആ അവസ്ഥ ഭീകരമാണ്. ഭൂമിയിൽ തനിച്ചായ പോലെ പ്രളയ ജലം വന്നു എല്ലായിടവും മൂടി കളഞ്ഞു ഇനി എങ്ങോട്ടു പോകുമെന്നറിയാതെ ആദിയും അന്തവുമില്ലാത്ത ചിന്തകളോട് പകച്ചു നിൽക്കും. ഇത് അനുഭവസ്ഥർ സാക്ഷ്യപെടുത്തിയതിൽ നിന്നും കുറിയ്ക്കുന്നത് അവനവൻ അത്തരം പ്രശനങ്ങളിൽ പെട്ടില്ല എങ്കിൽ പിന്നെ , അതൊക്കെ വെറും തോന്നൽ എന്ന് പറയരുത്. തലച്ചോറ് കത്തിപിടിയ്ക്കുന്ന പോലെ നിൽക്കുമ്പോളും ഒരിറ്റു പ്രതീക്ഷ ബാക്കി വെച്ചാകും പറയുക..
വിദ്യാസമ്പന്നർ എന്ന് അവകാശപ്പെടുന്ന വ്യക്തികളാകും ഏറ്റവും കൂടുതൽ പ്രാകൃതമായ സങ്കുചിത മനഃസ്ഥിതി പ്രകടമാകുക. അവരുടെ ആണ് മുഖത്ത് ആട്ടേണ്ടത് ഇനി ജാതിയും മതവും ഒക്കെ അകന്നു മാറി നിൽക്കും. രണ്ടിലൊരാൾക്കു ഇട്ടു മൂടാൻ കാശുണ്ടേൽ മറ്റേ കൂട്ടർ താഴ്ന്നു കൊടുക്കും പൊന്മുട്ടയിടുന്ന താറാവ് ആയാൽ നന്ന് അപ്പോൾ പിന്നെ സത്യത്തിൽ എവിടെ ആണ് ഈ ജാതിയും മതവും..?
എത്ര അവഹേളനഹരമായ മനസ്സുകൾ പണത്തിനു മേൽ എല്ലാ മാമൂലുകളും മാറ്റി മറിയ്ക്കും. അത് വരെ പറഞ്ഞ ജാതിയും മതവും നിറഞ്ഞ വാക്കുകൾ , അവയുടെ അർത്ഥം എന്തായിരുന്നു എന്ന് അവർക്കു തന്നെ അറിയില്ല ഇവരെ എങ്ങനെ വിശ്വസിക്കും..? ഒരു ചൂതുകളിയാ ആര് ജയിക്കും..ആര് തോൽക്കുമെന്ന് പറയാൻ വയ്യ…ഒന്നിച്ചു , ആഗ്രഹിച്ചു മോഹിച്ചു ജീവിക്കാൻ ഇറങ്ങി തിരിച്ചവരോ..
അല്ലേൽ ,അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ശാന്തമായി ഇരിക്കുന്നവരോ ,ആരാകും വിജയത്തിന്റെ കിരീടം വെയ്ക്കുക എന്ന്. ഇത്തരം ഒരുപാട് പ്രശ്നങ്ങൾ അതിജീവിക്കാൻ കെൽപ്പുണ്ടേൽ .
ചങ്കുറ്റമുണ്ടെൽ..വിവാഹബന്ധനത്തിനു ഒറ്റ യോഗ്യത മതി…ആണും പെണ്ണും എന്നത്…!
ആചാരങ്ങളും മാമൂലുകളും അവനവന്റെ സൗകര്യത്തിൽ ആണെന്ന് പറയാൻ നട്ടെല്ല് ഉണ്ടാകണം.. ഭോഷന്മാരുടെ വിശ്വാസത്തെ തള്ളിക്കളഞ്ഞു ,ഒരുമിച്ചു ഒരേ ചിന്തയോട് കൂടി ജീവിതാവസാനം വരെ നിൽക്കാമോ..?എങ്കിൽ ജാതിയും മതവും ഒക്കെ വെറും തോന്നലാണ്..!
Post Your Comments