Latest NewsArticleEditorial

മോദി സര്‍ക്കാര്‍ നാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ : ജനപിന്തുണയും നേട്ടങ്ങളും കോട്ടങ്ങളും

തോമസ് ചെറിയാന്‍ കെ

ഇന്ത്യയുടെ ഭരണചക്രത്തെ നരേന്ദ്രമോദിയെന്ന നേതാവ് നയിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിടുന്നു. ഇനി അടുത്ത ഒരു വര്‍ഷം പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതോടു കൂടി 2019 തിരഞ്ഞെടുപ്പ് ചൂടിലേക്ക് എല്ലാവരും കടക്കും. മോദി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ഏവരും ഉറ്റു നോക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളിലും വരാനിരിക്കുന്ന വര്‍ഷത്തെ പ്രവര്‍ത്തനം എപ്രകാരമായിരിക്കും എന്നതിലുമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ പ്രാപ്തരാക്കുന്ന വിധം പ്രകടനം കാഴ്ച്ചവയ്ച്ചില്ലെങ്കില്‍ മോദി ഭരണം തുടര്‍ച്ചയാകില്ലെന്ന ആരോപണവും ശക്തമാണ്.

ഒഡീഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്‌റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്തെന്ന് അറിയാനുള്ള ആകാംഷയിലാണ് ഏവരും. സാഫ് നിയത്ത് സഹി വികാസ്( സംശുദ്ധ ലക്ഷ്യം ശരിയായ വികസനം) എന്ന മുദ്രാവാക്യത്തിലൂന്നിയാണ് കട്ടക്കിലെ സമ്മേളനം ആരംഭിക്കാന്‍ പോകുന്നത്. സര്‍ക്കാരിന്‌റെ നാലു വര്‍ഷത്തെ നേട്ടങ്ങള്‍ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആയി തയാറാക്കിയിരിക്കുന്നതും ഒഡീഷയില്‍ വച്ച് അവതരിപ്പിക്കും. ഇതിനൊപ്പം തന്നെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിന്‌റെ നേട്ടങ്ങള്‍ വിവരിക്കുന്ന പത്രസമ്മേളനം നടത്തുന്നത്. ഏതൊരു ഭരണകക്ഷിയ്ക്കും കാലാവധി അവസാനിക്കുമ്പോള്‍ പറയാനായി നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പട്ടികയുണ്ടാകും. ഇതില്‍ തന്നെ ജനങ്ങള്‍ അംഗീകരിക്കുന്നതും അല്ലാത്തതും വേറെ. എന്നിരുന്നാലും വസ്തുതകളെ കൃത്യമായി പറയുമ്പോള്‍ കോട്ടങ്ങളുടെ കണക്കാണ് മുന്നിട്ട് നില്‍ക്കുന്നതെങ്കില്‍ ഏതൊരു ഭരണവും അഞ്ചാം വര്‍ഷം അവസാനിക്കും. ഒരുപക്ഷേ അതിനു മുന്‍പ് തന്നെ ഇല്ലാതായെന്നും വരും.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നേടിയ നേട്ടങ്ങുടെ തിളക്കവുമായാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നാണ് മോദി സര്‍ക്കാരിന്‌റെ പക്ഷം . എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് നിഷ്പക്ഷമായി ഒരു പൗരനെന്ന നിലയില്‍ നമുക്ക് ഓരോരുത്തര്‍ത്തും ഒന്ന് പരിശോധിയ്ക്കാം. നേട്ടങ്ങുടെ പട്ടിക നിരത്തിയാല്‍ മികച്ച ഒരു പിടി പദ്ധതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടു വന്നതും പ്രവര്‍ത്തിച്ച് വിജയിപ്പിച്ച് കാണിച്ചതും. വികസനത്തിന്‌റെ ആദ്യ പാത സമ്പൂര്‍ണ വൈദ്യുതീകരണമാണെന്ന് നാം പലകുറി കേട്ടിട്ടുണ്ട്. ഇന്ത്യുടെ വളര്‍ച്ചയുടെ ആരംഭ ദിശ മുതല്‍. ഇന്നും വൈദ്യുതീകരണം എത്താത്ത സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ വര്‍ഷങ്ങായി വൈദ്യുതി ഇല്ലാതിരുന്ന 18000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച സര്‍ക്കാര്‍ വികസനത്തിന്‌റെ പൊന്നില്‍ തിളക്കമുള്ള നാഴിക കല്ലാണ് സൃഷ്ടിച്ചത്. കാരണം വികസന പ്രവര്‍ത്തനത്തിന്‌റെ മൂലക്കല്ലില്‍ ഒന്നു തന്നെയാണ് വൈദ്യുതി. സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന ഒരു പിടി പദ്ധതികളും സര്‍ക്കാര്‍ അവതരിപ്പിക്കുകയും തടസമില്ലാതെ തുടര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. ശുചീകരണത്തിന് മുന്‍ഗണന നല്‍കി സ്വച്ഛ് ഭാരത്, നമാമി ഗംഗ, മോദി കെയര്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ജന്‍ ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ, ഉജ്ജ്വല പദ്ധതി, ആയുഷ്മാന്‍ ഭാരത് , ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി വികസന പദ്ധതിയുടെ ഒരു നീണ്ട നിര തന്നെ അവതരിപ്പിച്ച് വിജയത്തിലെത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതില്‍ നല്ലോരു പങ്കും സാധാരണക്കാരായ ജനങ്ങള്‍ക്കും ഗ്രാമങ്ങളിലെ പാവങ്ങളായ ജനങ്ങള്‍ക്കും സഹായകരമായതാണെന്ന് തെളിഞ്ഞ സംഗതിയാണ്. നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ മികച്ച പ്രവര്‍ത്തം തന്നെയെന്ന് പറയാം.

നേട്ടങ്ങള്‍ക്കൊപ്പം തന്നെ കോട്ടങ്ങളും ഭരണത്തില്‍ സര്‍വ്വ സാധാരണം. എന്നാല്‍ അതിന്‌റെ വ്യാപ്തിയാണ് ഭരണത്തുടര്‍ച്ചയെ തീരുമാനിക്കുന്നത്. മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ വര്‍ഗീയതയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ഒരു പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ കൃത്യമായ അന്വേഷണവും ഉണ്ടായിട്ടില്ല. അഴിമതിയുടെ പേരില്‍ നേതാക്കള്‍ക്ക് രാജിവയ്‌ക്കേണ്ടി വന്ന സംഭവങ്ങും ഉണ്ടായി. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 2016ലെ നോട്ടു നിരോധനമായിരുന്നു. ജനങ്ങളെ ഏറെ വലയ്ച്ച സംഭവമായിരുന്നു ഇതെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. കള്ളപ്പണം പുറത്ത് കൊണ്ടു വരാനാണ് എന്ന പ്രഖ്യാപനത്തോടെയാണ് നടത്തിയതങ്കെിലും ഇന്ത്യയിലെ ഭൂരിഭാഗം പണവും സര്‍ക്കാരില്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് നേരെ ചോദ്യ ശരങ്ങള്‍ ഉയര്‍ത്തി. ഈ സംഭവം മോദിയുടെ ജനപ്രീതിയെ സാരമായി ബാധിച്ചോ എന്നും സംശയമുണ്ട്. പെട്രോളിന്‌റെ വില വര്‍ധനവ്, കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാതെ നടപ്പാക്കിയ ജിഎസ്ടി എന്നിവയൊക്കെ സര്‍ക്കാരിനെ അല്‍പം മങ്ങലിലാക്കി. ഏറ്റവും ഒടുവില്‍ സംഭവിച്ച കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് വരെ വരുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ ബാധിക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.

ഇതിനിടയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ 2019 തിരഞ്ഞെടുപ്പിന് പോരാട്ടത്തിന്‌റെ കാഹളം മുഴക്കിയിരിക്കുന്നത്. എന്നാല്‍ ഇനിയുള്ള 365 ദിവസങ്ങളില്‍ നടക്കാനിരിക്കുന്നത് എന്താണെന്നാണ് നാം കണ്ടറിയേണ്ടത്. ഒരുപക്ഷെ വിജയമുറപ്പിക്കാന്‍ കഴിയും വിധം മികച്ച പ്രകടനം വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കട്ടെ. വികസനമാണ് മികച്ച ഭരണത്തിന്‌റെ മൂല കല്ലെന്ന് തെളിയിക്കാന്‍ കഴിയുന്ന ഭരണകൂടമാണ് ഏതൊരു പൗരന്‌റെയും സ്വപ്നം. അതിന്‌റെ പൂര്‍ത്തീകരണമാണ് ബാലറ്റില്‍ സമ്മതിയായി മാറുന്ന ഓരോ വോട്ടും. 2019 ല്‍ ഇന്ത്യയുടെ ഭരണ ചക്രം മികവിന്‌റെ കരങ്ങളില്‍ എത്തട്ടെ. വികസനം എന്നത് ഒരു തുടര്‍ച്ചയായി തന്നെ നിലനിന്ന്‌കൊണ്ട് ഇന്ത്യയ്ക്ക് ലോക ശക്തികളില്‍ ഒന്നാമതെത്താന്‍ കഴിയട്ടെ എന്ന് നമുക്കേവര്‍ക്കും പ്രാര്‍ഥിയ്ക്കുകയും ആശംസിക്കുകയും ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button