Latest NewsEditorial

തൂത്തുക്കുടി വെടിവെയ്പിനു പിന്നില്‍ ഗൂഡാലോചനയോ ? സംഭവത്തിന്‌റെ പിന്നാമ്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം

തോമസ് ചെറിയാന്‍.കെ

പതിമൂന്ന് പേരുടെ മരണത്തിന് ഇടയായ തൂത്തുക്കുടിയിലെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും സംഭവിച്ചതെന്തെന്ന് കൃത്യമായി അറിയാന്‍ മിക്കവര്‍ക്കും സാധിച്ചിട്ടില്ല. പൊലീസിന്‌റെ നേതൃത്വത്തില്‍ നടന്ന വെടിവെയ്പ്പ് എന്തിനു വേണ്ടിയായിരുന്നു? അതിനു പിന്നില്‍ ഗൂഡാലോചനയുണ്ടോ? സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടോ ? തുടങ്ങി നൂറു കൂട്ടം ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മുതല്‍ ഒന്ന് വിശദമായി നാം ഓരോരുത്തരും അറിയണം.

തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് എന്ന ചെമ്പ് സംസ്‌കരണ ശാലയില്‍ നിന്നും കഠിനമായ മലിനീകരണവും രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്നാരോപിച്ച് ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമായിരുന്നു. ഈ പ്രതിഷേധത്തിന്‌റെ നൂറാം ദിവസമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച്ച. ഇതിനാല്‍ തന്നെ സംസ്‌കരണശാലയിലേക്ക് മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് നിയമപരമായ അനുവാദം ലഭിക്കാതെ വരികയും തുടര്‍ന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും ചിലര്‍ കലക്ടറുടെ ഓഫിസിലേക്ക് കയറുകയും ചെയ്തിരുന്നു. ഈ പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവയ്ക്കുന്ന സംഭവം വരെയുണ്ടായി. തുടര്‍ന്ന് പൊലീസ് വെടിവെയ്പ്പ് നടന്നു. പകല്‍ മുതല്‍ രാത്രി സമയത്ത് വരെ ഇവിടെ രംഗം വഷളായി തുടര്‍ന്നു. സമരം അക്രമാസക്തമായതോടെയാണ് പൊലീസ് വെടിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംസ്കരണ ശാലയ്‌ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉറപ്പ് നല്‍കിയതും ഇതിനു ശേഷമാണ്. വെടിവയ്പ്പില്‍ പരുക്കേറ്റ് ആളുകള്‍ ഇനിയും ആശുപത്രിയില്‍ കിടക്കുന്നുമുണ്ട്.

ഇപ്പോള്‍ ഇത്രയും വിവരങ്ങള്‍ ലഭിച്ചതില്‍ നിന്ന് നാം ചിന്തിക്കേണ്ട ചില സംഗതിയുണ്ട്. നൂറു ദിവസത്തിലധികം നടത്തി വന്ന സമരത്തിന് പരിഹാരം കാണാമെന്ന വാക്ക് സര്‍ക്കാരില്‍ നിന്നും വരാന്‍ സാധാരണക്കാരുടെ ജീവന്‍ വിലയായി നല്‍കേണ്ട അവസ്ഥ വരെ സംഗതികള്‍ എങ്ങനെ വന്നു. വേണ്ട ഇത്രയും വലിയ ജനകീയ പ്രക്ഷോഭം നാളുകളായി നടന്നു വന്നപ്പോഴും അത് തുടരുന്ന അവസ്ഥയില്‍ പ്രക്ഷോഭ സാധ്യത മുന്‍കൂട്ടി കാണുവാന്‍ സര്‍ക്കാരിനും പൊലീസിനും കഴിഞ്ഞിരുന്നില്ലേ? ഇത്രയധികം പേര്‍ പങ്കെടുത്ത മാര്‍ച്ചിനെ വെടിവയ്പ്പ് കൊണ്ട് നേരിടണമെങ്കില്‍ തന്നെ ആയുധപരമായി തന്നെ നല്ലോരു മുന്നൊരുക്കം ആവശ്യമാണ്. ഇന്ത്യയിലെ പൊലീസ് സേനകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കലക്ടറേറ്റിനും
പരിസര ഭാഗങ്ങള്‍ക്കും പ്രത്യേക സുരക്ഷ നല്‍കാന്‍ വേണ്ട മുന്നോരുക്കങ്ങള്‍ നടത്താതെ വെടിവയ്‌പ്പെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതെങ്ങനെയാണ്. ഇത് ഗൂഡാലോചനയുടെ ഭാഗമാണോ എന്ന ചോദ്യം ഈ വേളയിലാണ് ഉയരുന്നത്. എന്നാല്‍ വെടിവയ്പ്പ് നടന്നിട്ടില്ല പകരം കണ്ണീര്‍വാതകവും ജലപീരങ്കിയുമാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ മരണം സംഭവിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് കല്ലേറിലാണെന്നും പൊലീസ് പറയുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വന്നതും ഈ സമയത്താണ്. സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമമാണോ ഇപ്പോള്‍ നടക്കുന്നതെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. രാഷ്ട്രിയ രംഗത്തേക്ക് പ്രവേശനമുണ്ടാകുമെന്ന് പ്രഖ്യാപനം നടത്തിയ നടന്‍ രജനീകാന്ത് വരെ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരുന്നു. ഇത് സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാനുള്ള തുറുപ്പു ചീട്ടായി പാര്‍ട്ടികള്‍ ഉപയോഗിക്കുമോ എന്നും കണ്ടു തന്നെ അറിയണം.

കുത്തക കമ്പനികളുടെ ലാഭക്കൊതി കൊണ്ട് മലിനീകരണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇതിനു മുന്‍പും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി എന്നല്ലാതെ മറ്റ് നടപടികള്‍ പിന്നീടുണ്ടായോ എന്ന് പോലും വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നാടിന്‌റെ തുടിപ്പിനെ തന്നെ ഇല്ലാതാക്കുന്ന വ്യവസായങ്ങള്‍ വേണ്ടെന്നു വയ്ക്കുവാനോ പകരം കൃത്യമായ മേല്‍നോട്ടം നടത്തി പൊതു സുരക്ഷ ഉറപ്പു വരുത്താനോ ഭരണകൂടത്തിന് കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. വ്യക്തമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധ ചെലുത്തേണ്ടതല്ലേ. സംഘര്‍ഷഭരിതമായ അന്തരീക്ഷം ഇപ്പോഴും നിലനില്‍ക്കുന്ന തൂത്തുക്കുടിയില്‍ സമാധാനത്തിന്‌റെ ദിനങ്ങളാകട്ടെ ഇനി വരുന്നത്. എത്രയും വേഗം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് കൃത്യമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയട്ടെയെന്നും ഇത്തരമൊരു വാര്‍ത്ത ഇനി നമുക്ക് കേള്‍ക്കേണ്ടി വരരുതേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button