Kerala

ഗൃഹോപകരണ കടയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ

കോട്ടയം: തെള്ളകത്ത് വന്‍ അഗ്നിബാധ. നൂറ്റിയൊന്നുകവലയിലെ ബിഗ്സി ഗൃഹോപകരണ കടയുടെ ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ടി.വി, ഫ്രിഡ്‌ജ്, വാഷിംഗ് മെഷീന്‍, ഫോം ബെഡ്, തടി ഉരുപ്പടികള്‍ എന്നിവ പൂര്‍ണമായും കത്തി. ഗോഡൗണിന് സമീപമുള്ള ഒരു തയ്യല്‍കട രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരാണ് ഗോഡൗണില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ ഏറ്റുമാനൂര്‍ സി.ഐ എ.ജെ. തോമസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാമ്പാടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍യൂണിറ്റുകളിലെ 45 ജീവനക്കാര്‍ അക്ഷീണം പ്രവര്‍ത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ചതാണ് ഗോഡൗണ്‍. പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള ഈ ഷെഡില്‍ നിറയെ തടി ഉരുപ്പടികളും മറ്റുമായിരുന്നു. ഈട്ടി, തേക്ക് ഉരുപ്പടികളായിരുന്നു അധികവും. ഫയര്‍ഫോഴ്സ് എത്തുംമുമ്ബേ ഡോഡൗണ്‍ മുഴുവനായി തീ പടര്‍ന്നിരുന്നു.

ഫോം ബെഡിന് തീ പടര്‍ന്നതിനാല്‍ പുക ഡോഡൗണിനുള്ളില്‍ തിങ്ങിനിന്നിരുന്നു. ഷീറ്റ്കൊണ്ട് നിര്‍മ്മിച്ച പ്രധാന വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് അകത്തേക്ക് തീ ചീറ്റിച്ചത്. ഒപ്പം മറ്റൊരു സംഘം കെട്ടിടത്തിന്റെ പിറകിലത്തെ ഷീറ്റ് തകര്‍ത്തും വെള്ളം ചീറ്റിച്ചു. മറ്റൊരു ഫയര്‍ഫോഴ്സ് സംഘം അടുത്തുള്ള കടകളിലേക്ക് തീ പടരാതെ കാത്തു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന തീവ്രപരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ സ്വദേശി കുഞ്ചിറക്കാട്ടില്‍ സെറിന്റെ ഉടമസ്ഥതതയിലുള്ളതാണ് ഗോഡൗണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button