തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് പനി ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയുടെ മക്കള്‍ക്കും കുടുംബത്തിനും സഹായ വാഗ്ദാനം നല്‍കി സര്‍ക്കാര്‍. ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന് നാട്ടില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ലിനിയുടെ രണ്ട് മക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കുട്ടികള്‍ക്ക് നല്‍കുന്ന തുകയില്‍ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നല്‍കുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകള്‍ക്കായി നല്‍കും. സ്ഥിരനിക്ഷേപമായി നല്‍കുന്ന തുക കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കൂടാതെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ സഹായധനം നല്‍കും. വൈറസ് ബാധ പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments