ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ അഭിമാനമായി മാറിയ വനിതകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഗോവന്‍ തീരത്ത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തില്‍ നാവിക സാഗര്‍ പരികര്‍മ എന്ന പേരില്‍ ഐഎന്എസ്വി തരിണിയില്‍ ലോകം ചുറ്റിയ ആറു വനിതാ നേവല്‍ ഓഫീസര്‍മാരുടെ സംഘമാണ് എട്ടു മാസത്തെ ലോകപര്യടനം പൂര്‍ത്തിയാക്കി നാളെ ഗോവന്‍ തീരത്ത് തിരിച്ചെത്തുന്നത്.
ലഫ്റ്റനന്റ് കമാന്‍ഡര്‍മാരായ പ്രതിഭ ജാംവാള്‍, പി. സ്വാതി, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബൊദ്ദപതി, എസ്. വിജയദേവി, പായല്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ള മറ്റു നേവി ഉദ്യോഗസ്ഥര്‍. യാത്രയില്‍ ഫ്രീമാന്റില്‍ (ഓസ്ട്രേലിയ), ലിറ്റില്ടണ് (ന്യൂസിലന്‍ഡ്), പോര്‍ട്ട് സ്റ്റാന്‍ലി (ഫോക്ലാന്‍ഡ്സ്), കേപ് ടൗണ്‍ (ദക്ഷിണാഫ്രിക്ക), മൗറീഷ്യസ് എന്നിവിടങ്ങളിലാണ് എട്ടു മാസം കൊണ്ട് ഇവര്‍ സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിന് ഗോവയില്‍നിന്ന് ഐഎന്എസ്വി തരിണി എന്ന ചെറു പായ്ക്കപ്പലില്‍ യാത്രയാരംഭിച്ച സംഘം 21,000 നോട്ടിക്കല്‍ മൈലുകള്‍ പിന്നിട്ടാണ് തിരികെയെത്തുന്നത്. ഇന്ത്യന്‍ നിര്‍മിത തരിണിയില്‍ സംഘം അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടു തവണ ഭൂമധ്യരേഖ മറികടക്കുകയും ചെയ്തു. നാലു ഭൂഖണ്ഡങ്ങളും മൂന്നു മഹാസമുദ്രങ്ങളും പിന്നിട്ട യാത്രയില്‍ ല്യൂവിന്, ഹോണ്‍, ഗുഡ് ഹോപ് എന്നീ മുനമ്പകളും കടന്നിരുന്നു.
2009-10ല്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ദിലീപ് ഡോണ്ടെയുടെയും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായ ക്യാപ്റ്റന്‍ അതൂല്‍ സിന്‍ഹയുടെയും ശിക്ഷണത്തിലുള്ള പരിശീലനത്തിനു ശേഷമായിരുന്നു സംഘം യാത്ര തുടങ്ങിയത്. മനുഷ്യന്റെ സഹനശക്തി, സ്ഥിരോത്സാഹം, കടലിനോടു പടവെട്ടാനുള്ള നാവിക വിദ്യാപാടവം തുടങ്ങിയവ പരീക്ഷിക്കുന്ന കഠിനമായ പരീക്ഷണമായിരുന്നു ഈ യാത്രയെന്ന് നേവി വക്താവ് കാപ്റ്റന്‍ ഡി.കെ. ശര്‍മ പറഞ്ഞു.
Post Your Comments