മലപ്പുറം :,ദുരൂഹസാഹചര്യത്തില്‍ മൂന്ന് കുട്ടികളുമായി കാണാതായ സൗദാബി എന്ന വീട്ടമ്മയെ കുറിച്ച് ഒരു വിവരവുമില്ല. ഇരുത്തിരണ്ടു ദിവസമായി വീട്ടമ്മയെയും മൂന്നു പെണ്‍മക്കളെയും കാണാതായിട്ട്. ഇവരെ കുറിച്ച് ഒരു വിവരങ്ങളും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കരിപ്പൂര്‍,നെടുമ്പോശേരി വിമാനത്താവളങ്ങളിലെ എമിഗ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിദേശത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തി. വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. കൊണ്ടോട്ടി ടൗണ്‍, വിമാനത്താളം, കോഴിക്കോട്, തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലുളള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇവരുമായി ബന്ധമുളള ദിവ്യന്‍ അബ്ദുറഹിമാനെതിരെയാണ് കാണാതായവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയത്. അബ്ദുറഹിമാനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇയാളുടെ കസ്റ്റഡിയില്‍ ഇവരില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സൗദാബിയുടെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍ ദ്വീര്‍ഘകാലമായി ഗള്‍ഫില്‍ ജോലി നോക്കുന്ന ആളാണ്. ഇവര്‍ക്ക് 21 വയസുള്ള മൂത്ത മകനുമുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ മരണം ഉണ്ടായപ്പോള്‍ മൂത്ത മകന്‍ അവിടെ പോയ ഘട്ടത്തിലാണ് ഉമ്മയെയും പെങ്ങന്മാരെയും കാണാതായത്. കുറിപ്പെഴുതി വെച്ച് അപ്രത്യക്ഷയായ ഇവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഓട്ടോ വിളിച്ച് കൊണ്ടോട്ടിയിലെ ജാറത്തില്‍ പോയതിന് തെളിവുണ്ട്. ഇക്കാര്യം ഓട്ടോറിക്ഷ ഡ്രൈവറാണ് വ്യക്തമാക്കിയത്. ഇതിന് ശേഷം സൗദാബിയും മക്കളും എവിടെ പോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.
വിശ്വാസ കാര്യത്തില്‍ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പ്രവാസിയായ ഭര്‍ത്താവും പെണ്‍കുട്ടികളെയും ഭാര്യയെയും കാണാതായതോടെ നാട്ടില്‍ എത്തിയിട്ടുണ്ട്. ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവും സൗദാബിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചാണ് പോയത്. കൂടാതെ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിട്ടില്ല. കാണാതാകുന്ന ഘട്ടത്തില്‍ സൗബാദിയും മക്കളും എട്ട് പവനോളം വരുന്ന സ്വര്‍ണാഭരണം ധരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം. താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും സൗദാബി എഴുതിയ കത്തില്‍ പറയുന്നുണ്ട്.
‘എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ കാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു’. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല..’ എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറില്‍ അടക്കം തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെ എസ്ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പൊലീസ് അജ്മീറില്‍ എത്തിയും പരിശോധന നടത്തി. അവിടെ സിസി ടിവി അടക്കം പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഏര്‍വാടിയില്‍ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവിടെയും പൊലീസ് പരിശോധന നടത്തി. മക്കളെയും ഉമ്മയുടെ വിശ്വാസത്തില്‍ വളര്‍ത്തുകയായിരുന്നു ഇവര്‍. ഒരിക്കല്‍ അസുഖം വന്ന വേളയില്‍ പുളിയംപറമ്പിലുള്ള ഒരു സിദ്ധനെ കാണാന്‍ സൗദാബി പോയിരുന്നു. അദ്ദേഹം വെള്ളം മന്ത്രിച്ചു നല്‍കിയതോടെ രോഗം മാറി. ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവര്‍ മാറുകയായിന്നു. ഇടയ്ക്ക് സിദ്ധനെ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു. സിദ്ധനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ധന്റെ കേന്ദ്രം കരിപ്പൂര്‍ പൊലീസ് പരിശോധിച്ചെങ്കിലും സൗദാബിയെയും മക്കളെയും കണ്ടെത്താനായില്ല. സിദ്ധനെ പരിചയമുണ്ടെങ്കിലും അവടെ യുവതിയും മക്കളും എത്തിയിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചട്ടില്ല
Post Your Comments