ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് ജെഡിഎസ് എം.എല്‍.എമാരെ ഹൈദരാബാദില്‍ നിന്നും ബംഗളൂരുവിലെത്തിച്ചു. എം.എല്‍.എമാരുടെ സുരക്ഷിതത്വം കൂട്ടുവാനാണ് അവരെ ബംഗളൂരുവില്‍ എത്തിച്ചത്. അതേസമയം കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടങ്ങിയെത്തിയിരുന്നു. ബെല്ലാരി വിജയനഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആനന്ദ് സിംഗും റെയ്ച്ചൂരിലെ മസ്‌കിയില്‍ നിന്നുള്ള അംഗം പ്രതാപ് ഗൗഡ പാട്ടീലും ആണ് മടങ്ങിയെത്തിയത്.
കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാലുമണിക്കാണ്. ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിനു ശേഷം നാലുമണിയോടെയാണ് വിശ്വാസവോട്ടെടുപ്പ്. വിശ്വാസ വോട്ടടെടുപ്പിന് ശേഷമാകും അന്തിമവിധിയെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയകളിയില്‍ ബിജെപിക്കും ഗവര്‍ണര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ ബി.എസ്. യെദിയൂരപ്പയ്ക്കു വേണ്ടതു 111 എംഎല്‍എമാരുടെ പിന്തുണയാണ്. ബിജെപിക്കു 104 പേരേ ഉള്ളൂ. പ്രാദേശിക പാര്‍ട്ടിയായ കെപിജെപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണു മുഖ്യ സഖ്യങ്ങള്‍ക്കു പുറത്തുള്ളത്. കെപിജെപി അംഗം ഇരുപക്ഷത്തിനും മാറിമാറി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 224 അംഗ കര്‍ണാടക നിയമസഭയില്‍ 222 സീറ്റിലാണു തെരഞ്ഞെടുപ്പു നടന്നത്.
Post Your Comments