മാവേലിക്കര: അത്യാസന്ന നിലയിലുള്ള ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലൻസ് മുന്നിൽ സഞ്ചരിച്ച കാറിൽ ഇടിച്ചതിനെ തുടർന്ന് ആംബുലൻസ് തടയുകയും രോഗിക്ക് ചികിത്സ ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്തു. ഇതിനെ തുടർന്ന് രോഗി മരിച്ചതായും കാറുടമക്കെതിരെ കേസെടുക്കണമെന്നും ആവശ്യം. താമരക്കുളം സ്വദേശിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് തെളിവുകൾ നിരത്തി ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
“അത്യാസന്ന നിലയിലുള്ള ഹൃദയാഘാതം സംഭവിച്ച രോഗിയുമായി താമരക്കുളം നീലാംബരി ഹോസ്പിറ്റലിൽ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് 16-5-18 പുലർച്ചെ 1.05 മണിക്ക് പുറപ്പെട്ട ആംബുലൻസ് തോട്ടപ്പള്ളിയിൽ വെച്ച് മറ്റൊരപകടത്തിൽ 1.40 ന് ആംബുലൻസിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്നർ ലോറിയുടെ പിറകിൽ ഇടിച്ചു കയറുകയും ഇതിനു പിന്നിൽ വന്നിരുന്ന ആംബുലൻസ് ഈ അപകടം കണ്ടു കാറിൽ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ഇടുകയും എന്നാൽ മഴ കാരണം സ്കിഡ് ആയി ആംബുലൻസിന്റെ വലതു ഭാഗം കാറിന്റെ പിന്നിൽ ഇടതു ഭാഗത്തായി ചെറിയ രീതിയിൽ തട്ടുകയും ആംബുലൻസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കാരണം ആർക്കും ഒരു പോറൽ പോലും ഏൽക്കാതെ വലിയൊരാപകടം ഒഴിവാകുകയും ചെയ്തു.
നിർഭാഗ്യവശാൽ കാർ യാത്രികരായ തിരുവനന്തപുരം സ്വദേശികളായ റമീസ് അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു കുട്ടികൾ എന്നിവർ ആംബുലൻസ് തടയുകയും ആംബുലൻസ് ഡ്രൈവറെയും നേഴ്സ്നെയും രോഗിയുടെ ബന്ധുക്കളെയും അസഭ്യം പറയുകയും തുടർന്ന് ആംബുലൻസ് ഡ്രൈവറെയും നഴ്‌സിനെയും റമീസ് കയ്യേറ്റം ചെയ്യുകയും ആംബുലസിന്റെ ഡോർ വലിച്ചു തുറന്നു സെമി വെന്റിലേറ്ററിൽ ഗുരുതരാവസ്തയിലുള്ള രോഗിയുടെയും ബന്ധുക്കളുടെയും വീഡിയോ പകർത്തുകയും റെമീസിന്റെ ഭാര്യ ആംബുലൻസ് ഡ്രൈവർ, നേഴ്സ് എന്നിവർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. ഈ സമയമത്രയും ഏകദേശം ഒരുമണിക്കൂർ സമയം ആ ഗുരുതരാവസ്തയിലുള്ള രോഗി മരണത്തെ മുഖാമുഖം കണ്ടു തക്കതായ വൈദ്യ സഹായം നിഷേധിക്കപ്പെട്ടുകൊണ്ടു ആംബുലൻസിൽ കഴിയുകയായിരുന്നു.
രോഗിയുടെ അവസ്ഥ ബോധ്യപ്പെടുത്തി ആംബുലൻസ് ഡ്രൈവറും നേഴ്സും കേണപേക്ഷിച്ചിട്ടും റമീസോ അദ്ദേഹത്തിന്റെ ഭാര്യയോ ഒരു വിട്ടു വീഴ്ചക്കും തയാറാകാതെ വാഹനത്തിന്റെ യാത്ര തടസപ്പെടുത്തി
തുടർന്ന് ആംബുലസ് ഡ്രൈവറും നഴ്സും മറ്റുള്ള ആംബുലസ് സർവീസുകളെ ബന്ധപ്പെട്ടെങ്കിലും നിരാശ ആയിരുന്നു ഫലം. ഈ സമയം സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ അമ്പലപ്പുഴ ASI അടങ്ങുന്ന പോലീസ് സംഘം സത്യാവസ്ഥ അറിഞ്ഞിട്ടും രോഗിയെ സഹായിക്കാതെ കാർ യാത്രികരുടെ പക്ഷം ചേരുകയും ചെയ്തു. ഈ അവസരത്തിൽ ആംബുലൻസ് ഡ്രൈവർ ബന്ധപ്പെട്ടതനുസരിച്ചു വണ്ടാനത്തു നിന്നും LIFE SAVE എന്ന ആംബുലൻസ് സ്ഥലത്തെത്തുകയും രോഗിയുമായി വണ്ടാനത്തേക്ക് പുറപ്പെടുകയും 10 മിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്തുകയും ചെയ്തു.
എന്നാൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല ആശുപത്രിയിൽ വെച്ച് രോഗി മരണപ്പെട്ടു. ഈ സമയം പോലീസ് അപകടത്തിനിടയാക്കിയ കാർ വിട്ടയക്കുകയും ആംബുലസ് കസ്റ്റഡിയിലെടുക്കുകയുമാണ് ഉണ്ടായത്.തുടർന്ന് ആംബുലൻസ് തടഞ്ഞു രോഗി മരണപ്പെട്ട കുറ്റത്തിന് ആംബുലൻസ് ഡ്രൈവർ അന്നേ ദിവസം രാവിലെ 11 മണിക്ക് കേസ് കൊടുത്ത വിവരമറിഞ്ഞു ഭയവിഹ്വലരായ കാർ യാത്രികർ ഏകദേശം രാത്രി 8 മണിയോട് കൂടി ഡ്രൈവർക്കും നഴ്സിനും എതിരെ കയ്യേറ്റം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വകുപ്പ് 354 പ്രകാരം കള്ളകേസ് കൊടുക്കുകയാണ് ഉണ്ടായത്.
പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട്
നിരപരാധിത്വം തെളിയിക്കുന്നതിനും സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി AODA(ആംബുലൻസ് ഓണെഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ) 18-5-2018 ന് ആലപ്പുഴ പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പ്രസ്സ് മീറ്റിങ്ങിൽ പങ്കെടുത്ത 30 ഓളം വരുന്ന മാധ്യമങ്ങളും ന്യൂസ് ചാനലുകളും സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടും
വാർത്ത മറച്ചു വെക്കുകയാണ് ഉണ്ടായത്. ഇതിനെല്ലാം ശേഷമാണു കാർ സ്റ്റേഷനിൽ ഹാജരാക്കിയത്. റെമീസിന്റെ ഭാര്യയുടെ ബന്ധുവായ മറ്റൊരു സ്റ്റേഷനിലെ SI യുടെ നിർദേശപ്രകാരം കേസ് അട്ടിമറിക്കുകയും ആംബുലൻസ് തടഞ്ഞു രോഗി മരണപ്പെട്ട കേസ് വകുപ്പ് സെക്ഷൻ 305 മാറ്റുകയും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷപെടാൻ സഹായിക്കുകയുമാണ് ചെയ്തത്.
സ്വന്തം ജീവൻ പണയം വെച്ച് മറ്റു ജീവനുകൾ രക്ഷിക്കാൻ ശ്രമിക്കുന്ന നിരപരാധികളായ ആംബുലൻസ് ജീവനക്കാരെ അപരാധികളാക്കി കുറ്റവാളികളെ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലീസിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടായത്. ഇത് മാക്സിമം ഷെയർ ചെയ്തു ഇരകളായ ആംബുലൻസ് ജീവനക്കാർക്കു നീതി ലഭ്യമാക്കണം. ആംബുലൻസ് തടഞ്ഞു രോഗിയെ മരണത്തിലേക്ക് തള്ളി വിട്ട കാർ യാത്രികരെ നിയമപരമായി ശിക്ഷിക്കുക!! ഇനിയൊരാൾക്കും ഈ ഗതി വരരുത്..”
Post Your Comments