കൊച്ചി: വരാപ്പുഴയില്‍ പൊലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ളാസ് മൂന്ന് തസ്തികയിലാണ് ക്ളാര്‍ക്കായി നിയമനം ലഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് അഖിലയ്ക്ക് നേരിട്ട് കൈമാറിയത്. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരമായി അനുവദിച്ച പത്തു ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം കൈമാറി. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരുടെ പേരില്‍ 3.33 ലക്ഷം രൂപയുടെ രണ്ടു ചെക്കും മകള്‍ ആര്യനന്ദയ്ക്ക് 3.34 ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.
വരാപ്പുഴ ദേവസ്വംപാടത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വീട് കയറി ആക്രമിച്ച സംഭവത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്റെ അമ്മ ശ്യമാളയും പ്രതികരിക്കുമ്പോഴും, എന്നാല്‍ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ലെന്നും, മാത്രമല്ല ഈ ജോലി ശ്രീജിത്തിന്റെ ജീവന് പകരമാവില്ലെന്നും, മുഖ്യമന്ത്രി എത്താത്തതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു.
Post Your Comments