കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. ചെങ്ങന്നൂരില്‍ എതിരാളികളെ നിലം പരിശാക്കാന്‍ ശക്തമായ പ്രചരണ പരിപാടികളുമായി പ്രമുഖ പാര്‍ട്ടികള്‍ രംഗത്തുണ്ട്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ താരം സുരേഷ് ഗോപി തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഇലക്ഷന്‍ പ്രചരണ പരിപാടികളില്‍ കാണുന്നത്.
ചെങ്ങന്നൂരില്‍ ഏതൊരു രാഷ്ട്രീയ പരിപാടികളിലും എത്തുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ സുരേഷ് ഗോപിയുടെ പരിപാടിയ്ക്കെത്തുന്നുണ്ട്. സൂപ്പര്‍ താരത്തെ അടുത്തുകാണാനും അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗം കേള്‍ക്കാനും കക്ഷിരാഷ്ട്രീയഭേദമില്ലാതെ നിരവധി ആളുകള്‍ തടിച്ചു കൂടുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി സംസ്ഥാന സര്‍ക്കാരിനെയും സിപിഐഎമ്മിനെയും കടന്നാക്രമിച്ചുകൊണ്ടു നടത്തുന്ന പ്രസംഗം എന്‍ഡിഎയുടെ തുറുപ്പ് ചീട്ടുകൂടിയാണ്.
ദേശീയ സംസ്ഥാനനേതാക്കളെ അണിനിരത്തിക്കൊണ്ടുള്ള പ്രചാരണ പരിപാടികള്‍ക്ക് വിവിധ കക്ഷികള്‍ നേതൃത്വം നല്‍കുമ്പോഴും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീപുരുഷഭേദമില്ലാതെ വോട്ടര്‍മാര്‍ താരം എത്തുന്നതിനു മുന്‍പേ എത്തുകയും അദ്ദേഹത്തിന്‍റെ പ്രസംഗത്തിനായി കാത്തു നില്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് ചെങ്ങന്നൂരില്‍ കാണുന്നത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെക്കുറിച്ചു പ്രസംഗിച്ച സുരേഷ് ഗോപി ബിജെപി എംപിമാരുടെ വികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്നും ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സകല പ്രവര്‍ത്തനങ്ങളും ചെങ്ങന്നൂരില്‍ ചര്‍ച്ചയാകുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതായാലും സുരേഷ് ഗോപിയുടെ വാക്കുകള്‍ ചെങ്ങന്നൂരില്‍ ഉണ്ടാക്കുന്ന ചലനത്തെക്കുറിച്ച് അറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.
ചെങ്ങന്നൂര്‍: സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം ശ്രദ്ധേയമാകുന്നു
Post Your Comments