കോഴിക്കോട്: സ്ത്രീകളെ അപമാനിച്ച വിവാദപ്രസംഗത്തിന് മാപ്പിരന്ന് മുജാഹിദ് ബാലുശ്ശേരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതങ്ങളുണ്ടെന്നതടക്കം തരംതാഴ്ന്ന പ്രസ്താവനകള്‍ അടങ്ങുന്നതായിരുന്നു പ്രസംഗം.
മലയാളികളോട് സ്‌നേഹപൂര്‍വ്വം എന്ന തലക്കെട്ടിലാണ് മുജാഹിദ് ബാലുശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് ഇങ്ങനെയാണ്: സഹോദരങ്ങളേ, ഞാന്‍ മുജാഹിദ് ബാലുശ്ശേരി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ചെയ്ത ഒരു പൊതു പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നു. തല്‍പര ലക്ഷ്യങ്ങളുള്ള ഒരു ഓണ്‍ലൈന്‍ ചാനലിലാണ് ആദ്യമായി ഈ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍ വാലും തലയും മുറിച്ച് അവതരിപ്പിക്കപ്പെട്ടത്.
യഥാര്‍ത്ഥത്തില്‍ സ്ത്രീ സര്‍വ്വരാലും സമാദരിക്കപ്പെടുന്നതിനു വേണ്ടിയും , അവള്‍ക്ക് സമ്പൂര്‍ണ്ണമായ സുരക്ഷിതത്വം ലഭിക്കുന്നതിന്നു വേണ്ടിയുമാണ് ഞാന്‍ പ്രഭാഷണം നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രത്യേകമായ ഒരു പാശ്ചത്തലത്തില്‍ നിര്‍വ്വഹിച്ച ആ പ്രഭാഷണത്തില്‍ ഞാനുപയോഗിച്ച ചില പദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകന്‍ എന്ന നിലക്ക് എന്നില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അത് എനിക്ക് പറ്റിയ അബദ്ധമാണെന്നും ഇന്ന് ആ പ്രസംഗം വീണ്ടും കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു.
ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്തുകയും മാപ്പ് പറയേണ്ടത് ജനങ്ങളോടാണെങ്കില്‍ അത് തുറന്നു പറയുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയുമാണല്ലോ ഒരു യഥാര്‍ത്ഥ വിശ്വാസി ചെയ്യേണ്ടത്. സ്ത്രികള്‍ പൊതുവെ അഹങ്കാരികളാണെന്നും അതവരുടെ മുഖ മുദ്രയാണെന്നുമുള്ള എന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തോടുള്ള അനീതിയായി പോയെന്നും അത് ശരിയല്ലെന്നും അത് അവരോട് ക്ഷമാപണം നടത്തേണ്ടതാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.
ഭാര്യയും ഭര്‍ത്താവും ജോലിക്കു പോവുന്ന വീടുകള്‍ ഡിസോഡര്‍ ആയിരിക്കുമെന്നും അവിടെയൊരു വൃത്തിയും ഉണ്ടാകില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാള്‍ അതിനു ശേഷം ഞാന്‍ പറഞ്ഞ വാചകങ്ങള്‍ ക്ലിപ്പ് കട്ട് ചെയ്ത് വിവാദമുണ്ടാക്കിയവരും സദുദ്ദേശ്യത്തോടെ ചര്‍ച്ചയില്‍ പങ്കെടുത്ത ചില സ്‌നേഹിതന്‍മാരും ബോധപൂര്‍വ്വമോ അല്ലാതെയോ വിട്ടു കളഞ്ഞു! ആ പ്രഭാഷണത്തിന്റെ തുടര്‍ച്ച ഇങ്ങനെയായിരുന്നു. ‘ എല്ലാവരുമല്ല, എല്ലാവരുമല്ല ‘ അഥവാ ഒറ്റപ്പെട്ട ഒരു സംഭവത്തെ സാമാന്യവല്‍ക്കരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലന്നര്‍ഥം.
മനസ്സിന്റെ കോണിലൊരിടത്തും ഞാന്‍ വിചാരിച്ചിട്ടില്ലാത്ത ചിന്തിച്ചിട്ടില്ലാത്ത ഒരാരോപണവും ഈ പ്രഭാഷണത്തിന്റെ പേരില്‍ ഞാന്‍ കേള്‍ക്കുകയുണ്ടായി. ജോലിക്കു പോകുന്ന എല്ലാ സ്ത്രീ പുരുഷന്‍മാരും അവിഹിത ന്ധമുള്ളവരാണെന്ന് ഞാന്‍ പറഞ്ഞു എന്നതായിരുന്നു ആ ആരോപണം. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, ‘ എല്ലാവരുമല്ല, എല്ലാവരുമല്ല ഞാനുറപ്പിച്ചു പറയുന്നു ‘ എന്ന പരാമര്‍ശം ഇതിനും ബാധകമായിരുന്നു. പക്ഷേ എന്തോ അത് പരിഗണിക്കപ്പെട്ടില്ല എന്ന് പറഞ്ഞാണ് മുജാഹിദീന്‍ ബാലുശ്ശേരി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments