കൊടുങ്ങല്ലൂർ : മനോരോഗിയായ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ച മകന് എതിരെ കേസെടുക്കുമെന്ന് പോലീസിന്റെ ഭീഷണി. പ്രതിയെ വിട്ടയച്ച പോലീസ് ജനകീയ പ്രതിഷേധം ഉയർന്നതോടെ രാത്രി ഏഴരയോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. മതിലകം പോലീസ് സ്റ്റേഷനിലാണു സംഭവം. ശ്രീനാരായണപുരം പത്താഴക്കാട് തരുപീടികയിൽ ജബ്ബാറാണ് (50) പ്രതി. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
സിപിഎം പ്രവർത്തകനായ ജബ്ബാർ വെമ്പല്ലൂർ സഹകരണ ബാങ്ക് പത്താഴക്കാട് ശാഖയിലെ വാച്ച്മാനാണ്. ഇന്നലെ പുലർച്ചെ 3.45ന് ശ്രീനാരായണപുരം 15–ാം വാർഡിൽ നെല്ലിപ്പഴി റോഡിലെ വീട്ടിലാണു പീഡനശ്രമം നടന്നത്. കേസെടുക്കാതെ പ്രതിയെ വിട്ടയച്ച പോലീസ് അക്രമിയെ പിടികൂടിയ മകനെതിരെ വധശ്രമത്തിനു കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
വീട്ടുമുറ്റത്ത പിടിവലിക്കിടെ ജബ്ബാറിനേറ്റ മുറിവിന്റെ പേരിൽ കൊലപാതകശ്രമത്തിനു കേസെടുക്കേണ്ടി വരുമെന്നു മകനെ പോലീസ് ഭീഷണിപ്പെടുത്തിയതായി പറയുന്നു. കേസിൽ ഉൾപ്പെടുമെന്ന ഭീതി മൂലം ഒത്തുതീർപ്പിനു തയാറാവുകയായിരുന്നു. മനോരോഗിയായ അമ്മയെ സ്ഥിരമായി ജബ്ബാർ ശല്യപ്പെടുത്താറുണ്ടെന്ന് നാട്ടുകാർ വഴിയാണ് മകൻ അറിഞ്ഞത്.
Post Your Comments