മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവം പലര്‍ക്കും ഒരു വേദനയോടെ മാത്രമേ വായിക്കാന്കഴിഞ്ഞിരുന്നുള്ളൂ. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. അയാള്‍ തിയറ്ററിലിരുന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശേഷം ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം ചര്‍ച്ചയായതോടെയാണ് സംഭവത്തില്‍ പോലീസ് നടപടിയെടുത്തത്.
Also Read : തീയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍
എന്നാല്‍ സ്കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ്, ചൈല്‍ഡ് ലൈന്‍ ജില്ലാ വൈസ് കോര്‍ഡിനേറ്ററായ ശിഹാബ് എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ആരും അറിയാതെ പോകുമായിരുന്ന ഒരു വാര്‍ത്ത് ജനമധ്യത്തിലേക്ക് എത്തിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.സംഭവം ആദ്യം ശ്രദ്ധയില്‍ പെട്ട തിയേറ്റര്‍ ജീവനക്കാരന് തിയേറ്റര്‍ അധികൃതരെ അറിയിച്ചെങ്കിലും അതില്‍ ഏതെങ്കിലും തരത്തില്‍ നടപടികളുമായി മുന്നോട്ട് പോവണോ വേണ്ടയോ എന്ന് തിയേറ്റര്‍ മാനേജ്മെന്റ് തീരുമാനത്തിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരാള്‍ സുഹൃത്തായ സ്കൂള്‍ കൗണ്‍സിലര്‍ ധന്യ ആബിദിനെ ഈ വിഷയം അറിയിക്കുന്നത്.
ധന്യയുടെ വാക്കുകള്‍ ഇങ്ങനെ: എന്റെ ഒരു സുഹൃത്ത്, അയാളുടെ പേര് പറയാന്‍ നിര്‍വ്വാഹമില്ല, ആണ് ഈ വിവരം വിളിച്ചുപറയുന്നത്. ഏപ്രില്‍ 21ന്. തിയേറ്ററുകാരുടെ കൈയില്‍ വിഷ്വല്‍ ഉണ്ടെന്നും എന്നാല്‍ അവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നായിരുന്നു എനിക്ക് അയാള്‍ നല്കിയ വിവരം. യഥാര്‍ഥത്തില്‍ അത് എന്റെ ഏരിയ അല്ല. മാറഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളാണ് എന്റെ പരിധിയില്‍ വരുന്നത്. പക്ഷെ അതായിരുന്നില്ല എന്റെ പ്രധാന പ്രശ്നം. സ്കൂള്‍ കൗണ്‍സിലറായ എനിക്ക് തനിച്ച് ചെന്ന് തിയേറ്ററുകാരോട് ആ വിഷ്വല്‍ ആവശ്യപ്പെടാനോ മറ്റ് വിവരങ്ങള്‍ അന്വേഷിക്കാനോ കഴിയില്ല. അങ്ങനെയാണ് പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശിഹാബിനെ ഞാന്‍ ബന്ധപ്പെടുന്നത്. ഞങ്ങള്‍ ഇരുവരും തിയേറ്ററിലെത്തി. എന്നാല്‍ അവര്‍ വിഷ്വല്‍ തരാന്‍ ആദ്യം തയ്യാറായില്ല. കേസും നടപടികളുമായി പോയാല്‍ ബിസിനസിനെ ഏതെങ്കിലും തരത്തില്‍ അത് ബാധിക്കുമോ എന്നുള്ളതായിരുന്നു അവരുടെ ചിന്ത. കുടുംബങ്ങള്‍ വരുന്ന തിയേറ്ററാണ്, കേസ് ആയാല്‍ അവരുടെ ഇമേജിന് പ്രശ്നമുണ്ടാക്കുമോ എന്നൊക്കെയായിരുന്നു ആകുലതകള്‍. ആ വിഷ്വല്‍ അവര്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. സത്യത്തില്‍ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. കാരണം അത്രയും മോശമായ, ഒരു കുഞ്ഞിനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്.
Also Read : തീയേറ്റര്‍ പീഡനം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്
തിയേറ്റര്‍ അധികൃതര്‍ വിഷ്വല്‍ തരാന്‍ വിസമ്മതിച്ചപ്പോഴും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയില്‍സ് അവരില്‍ നിന്ന് കിട്ടുമോ എന്നതായി അടുത്ത ശ്രമം. അതില്‍ അവര്‍ പൂര്‍ണമായും സഹകരിച്ചു. അയാളുടെ കാറിന്റെ നമ്പര്‍ കൃത്യമായി തിയേറ്ററില്‍ നിന്ന് ലഭിച്ചു. കാര്‍ രജിസ്ട്രേഷന് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയുടെ പേരിലായിരുന്നു. അവിടെ നിന്നാണ് അന്വേഷണം ആരംഭിച്ചത്. ആ പേരില്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ മറ്റ് ചില വിവരങ്ങളും ലഭിച്ചു. അതില്‍ നിന്ന് ആ കുട്ടി ഇയാളുടെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ടതല്ല എന്ന് തിരിച്ചറിഞ്ഞു. എന്നാലും തൃത്താലയിലെ സ്കൂള്‍ കൗണ്‍സിലര്‍മാരും അങ്കനവാടി വര്‍ക്കര്‍മാരും വഴി മൊയ്തീന്കുട്ടിയെക്കുറിട്ട് അന്വേഷിച്ചു. തൃത്താലയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അയാളുടെ വീട് എന്നത് വരെയുള്ള വിവരങ്ങള്‍ ലഭിച്ചു. അതോടെ വിഷ്വല്‍ ലഭിക്കാനായി വീണ്ടും തിയേറ്റര്‍ മാനേജ്മെന്റിനെ സമീപിച്ചു. കുട്ടിയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്നുള്ള കാര്യം അവരെ ശ്രമപ്പെട്ടാണെങ്കിലും ബോധ്യപ്പെടുത്താനായി. തിയേറ്ററില്‍ നിന്ന് വിഷ്വല്‍ കോപ്പി ചെയ്ത് ഞങ്ങള്‍ പോരുകയും ചെയ്തു. വിഷ്വല്‍ ഞങ്ങളുടെ കയ്യില്‍ കിട്ടുന്നത് 25നാണ്. 26ന് നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സ്കൂള്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ എനിക്ക് നിയമപരമായി പരാതി നല്‍കാനാവില്ല. കാരണം ഞങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആയിരിക്കണമെന്നാണ്. എന്നാല്‍ ചൈല്ഡിലൈനിന് പരാതി നല്‍കാം. ശിഹാബാണ് പരാതി നല്‍കിയത്. കൂട്ടത്തില്‍ തിയേറ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളും. 24 മണിക്കൂര്‍ ഞങ്ങള്‍ കാത്തു. പക്ഷെ കേസെടുത്തില്ല. ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് പോലീസ് വഴുതി മാറി. അധിക കാലം ആ വിഷ്വല്‍ ഞങ്ങളുടെ കയ്യില്‍ മാത്രമിരിക്കുന്നത് ശരിയല്ല എന്നറിഞ്ഞുകൊണ്ട് ചൈല്‍ഡ് ലൈന്‍ ജില്ലാ ഓഫീസിലേക്ക് അത് കൈമാറി.’പിന്നീട് ആഴ്ചകളോളം ഞാനും ശിഹാബും പോലീസ് നടപടിക്കായി കാത്തുനിന്നു. എന്നാല്‍ ഒരനക്കവുമുണ്ടായില്ല. പ്രതിയെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയിട്ടും പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല- ധന്യ പറഞ്ഞു.
ശിഹാബ് പറയുന്നതിങ്ങനെ ‘ ഒരു പെണ്‍കുട്ടിയെ അതിക്രമിക്കുന്നതിന്റെ തെളിവ് കയ്യിലുണ്ട്. ആ പെണ്‍കുട്ടി പ്രതിയായ ആളുടെ ആരുമല്ലെന്നും മനസ്സിലായി. എല്ലാ തെളിവുകളും ഞങ്ങള്‍ പോലീസിന് നല്‍കുകയും ചെയ്തു. അയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ജോലി മാത്രമേ പോലീസിനുള്ളൂ. പക്ഷെ അതിന് അവര്‍ തയ്യാറായില്ല. ഞങ്ങള്‍ ആഴ്ചകളോളം കാത്തിരുന്നിട്ടും പ്രതികരണമുണ്ടാവാതിരുന്നതോടെ വിഷ്വല്‍ പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ജില്ലാ അധികൃതരെ അക്കാര്യം ബോധ്യപ്പെടുത്തി. അവര്‍ തന്നെ ആ വിഷ്വല്‍ ചാനലിന് നല്കി. അങ്ങനെയാണ് സംഭവം പുറത്താവുന്നത്. എല്ലാ കേസുകളോടും പോലീസിന്റെ അപ്രോച്ച് ഇങ്ങനെയാണെന്ന് ഇതിലൂടെ പറയാനും പറ്റില്ല. ഇതിലും ക്രൂരമായ പീഡനങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ചിലപ്പോള്‍ പോലീസ് വളരെ കാര്യക്ഷമമായി ഇടപെടും. ചിലപ്പോള്‍ വളരെ മോശം സമീപനമായിരിക്കും. പക്ഷെ ഈ കേസില്‍ ആ പെണ്‍കുട്ടിയെ രക്ഷിക്കുക എന്നതില്‍ കവിഞ്ഞ് ഞങ്ങളുടെ മുന്നില്‍ ഒരു ലക്ഷ്യവുമില്ലായിരുന്നു. അത് സാധിച്ചു.
Also Read : തീയേറ്റര്‍ പീഡനം; സ്പീക്കറുടേയും കെ.കെ ശൈലജയുടേയും പ്രതികരണം ഇങ്ങനെ
സംഭവത്തില്‍ തൃത്താല സ്വദേശിയായ മൊയ്തീന് കുട്ടിയെ ഇന്നലെ വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായി മൊയ്തീന് കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും സിനിമാ തീയേറ്ററില്‍ എത്തിക്കുകയും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. മഞ്ചേരി പോക്സോ കോടതിയാല്‍ മൊയ്തീന് കുട്ടിയെ ഇന്ന് ഹാജരാക്കും. അതേസമയം ബാല പീഡനത്തെക്കുറിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ നടപടി വൈകിയതില്‍ ചങ്ങരംകുളം എസ്ഐ കെ ജെ ബേബിയെ സസ്പെന്‍ഡ് ചെയ്തു.
കേസില്‍ കുട്ടിയുടെ അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. എസ്പിയുടെ നിയമപ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അമ്മയെ പൊന്നാനിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. അതേസമയം തന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും ഇതിനുമുമ്പും പ്രതിയായ മൊയിതീന് കുട്ടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ കുഞ്ഞിന്റെ ഭാവിയെ കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുകൂടാതെ പ്രതി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Post Your Comments