ശിവാനി ശേഖര്‍
“”ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് പീഡനപരമ്പരകൾക്ക് പേരുകേട്ട നാടായി മാറിയിരിക്കുന്നു! കേരളത്തിന്റെ പ്രതിച്ഛായ തകർത്തു കൊണ്ട് അരങ്ങേറുന്ന സ്ത്രീപീഡനങ്ങളും,കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും തേർവാഴ്ച തുടരുകയാണ്!! “”ആരാന്റമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാനും കേൾക്കാനും ആഘോഷിക്കാനും മടിയില്ലാത്ത മലയാളിക്ക് സ്വന്തം നാട്ടിൽ സമാനമായൊരു സംഭവമുണ്ടായാൽ മറച്ചു വെയ്ക്കാൻ ഒരു മടിയുമില്ല!! അല്ലെങ്കിൽ മനഃപൂർവ്വം കണ്ടില്ലെന്നു നടിച്ച് തലവഴി മുണ്ടിട്ട് നടക്കും!! ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പീഡനസംഭവങ്ങൾ ഏറ്റെടുത്ത് കല്ലെറിയാനും കൊടിപിടിക്കാനും നടക്കുന്നവർ സ്വന്തം നാട്ടിലെ ,അതും പിഞ്ചുകുഞ്ഞുങ്ങൾക്കെതിരേയുള്ള ക്രൂരതയ്ക്കെതിരേ കണ്ണടയ്ക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല!! “ഉറങ്ങുന്നവരെ ഉണർത്താം,എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ഒരു വഴിയുമില്ല” എന്ന ആപ്തവാക്യം തന്നെ ഇവിടെ ഏറ്റവും ഉചിതം!! പണവും അധികാരവും തലയ്ക്കു മീതെ തൂങ്ങിയാടുമ്പോൾ മനസ്സാക്ഷിയെ തൂക്കിവിറ്റ് ചാരിതാർത്ഥ്യമടയുന്ന ബാലിശമായ നിയമ സംവിധാനങ്ങൾ തച്ചുടച്ചു വാർത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!
അനുനിമിഷം മുക്കിനും മൂലയ്ക്കും ഹർത്താൽ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ മേലാളന്മാരുടെ വായടഞ്ഞതോ…അടപ്പിച്ചതോ??? അധികാരം മോഹിച്ചു പലതും കൈപ്പറ്റുമ്പോൾ തിരിച്ചു നന്ദി കാണിക്കേണ്ടി വരുമെന്ന് പൊതുജനം ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകും!!
“”കത്വ””യിലേതും ദില്ലിയിലെ “നിർഭയ”കേസ് പോലെയുള്ള സംഭവങ്ങൾ ഏറ്റെടുത്തു”#”ഹാഷ് ടാഗുകളും വായ്ത്താരി കളുമായി മുറവിളി കൂട്ടി പുളകം കൊള്ളിച്ച കറുത്ത കണ്ണടയ്ക്കുള്ളിലെ സാംസ്കാരിക നായകന്മാർ സ്വന്തം നാട്ടിൽ “ഠ” വട്ടം പോലെയുള്ള സ്ഥലത്ത് ഒരു കുഞ്ഞു പെൺകുട്ടി പീഡനത്തിനിരയായത് അറിഞ്ഞില്ലേ!! അതോ ഇര. # പ്രമുഖ””അല്ലാത്തത് കൊണ്ടോ??? കേരളം കാശ്മീർ പോലെ ജനശ്രദ്ധ നേടിയ നാടല്ലാത്തത് കൊണ്ടോ?? മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ നടക്കുമ്പോൾ,സ്വന്തം കണ്ണിലെ കരട് മറ്റുള്ളവർ കാണുമെന്ന് കരുതിയിട്ടോ??
“തൃത്താല”യിലെ സംഭവം നടന്ന് ആഴ്ച്ചകൾ കഴിഞ്ഞിട്ടും കേസെടുക്കാത്ത തൊപ്പി വച്ച ഏമാൻമാർ ആരെയാണ് ഭയന്നത്!! മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തിയ നമ്മുടെ നാട്ടിൽ “ദൃശ്യമാധ്യമത്തിന്റെ ശക്തി തന്നെ വേണ്ടി വന്നു ആ പെൺകുഞ്ഞിന്റെ ദുരിതം പുറംലോകത്തെ അറിയിക്കാൻ്!! “”പകരത്തിനു പകരവും”, വരമ്പത്ത് കൂലിയും” നല്കാൻ നടക്കുന്ന ജനപ്രതിനിധികൾ ഭരിക്കുന്ന നാട്ടിൽ ഇത് പോലെ എത്രയെത്ര സംഭവങ്ങളായിരിക്കും കുഴിച്ചു മൂടിയത്!! അപരാധിയും,നിരപരാധിയും ആരെന്നു തിരിച്ചറിയാതെ ( അറിഞ്ഞിട്ടോ??) കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തല്ലിച്ചതയ്ക്കുന്ന പോലീസും , നീതിന്യായ വ്യവസ്ഥിതിയുമുള്ള ഈ നാട്ടിൽ ഇനിയും”പീഡനത്തിന്‌റെ ഇരകള്‍
വീണ്ടും വാർത്തകളിൽ നിറഞ്ഞു കൊണ്ടേയിരിക്കും!!
മഹത്തായൊരു പൈതൃകം സ്വന്തമായുണ്ടായിരുന്ന കേരളം ഇന്ന് പീഡനപരമ്പരകളുടെയും , രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിളനിലമായി മാറിയിരിക്കുന്നു!! ജനപ്രതിനിധികളും, ഭരണസംവിധാനവും, നിയമ വ്യവസ്ഥിതികളും നോക്കുകുത്തികളാകുമ്പോൾ പ്രതിഷേധത്തിന്റെ തിരി കൊളുത്താൻ പൊതുജനം നിർബന്ധിതരാകുന്നു!! അതിന്റെ ഫലമായി മാത്രമാണ് ഉന്നതബന്ധങ്ങളുള്ള ഇത്തരം പ്രതികളുടെ അറസ്റ്റെങ്കിലും രേഖപ്പെടുത്തുന്നത്!! പണവും പ്രതാപവും കൈപ്പിടിയിലുള്ളവർക്ക് പുഷ്പം പോലെ ഇറങ്ങിപ്പോരാനും ഈ കേരളനാട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട് എന്നതും ചേർത്ത് വായിക്കേണ്ടതാണ്!!
പീഡനത്തിനിരയാകുന്ന കൊച്ചു കുഞ്ഞുങ്ങളുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല!! മുത്തച്ഛന്റെ പ്രായമുള്ള ആഭാസന്റെ ചെയ്തികൾക്ക് അമ്മ എന്ന സ്ത്രീയും കൂട്ടു നിന്നപ്പോൾ ആ കുഞ്ഞുമനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും!! സംരക്ഷിക്കപ്പെടേണ്ട പ്രായത്തിൽ കുടുംബത്തിലുള്ളവർ തന്നെ ഭീഷണി യാകുമ്പോൾ ഈ കുഞ്ഞുപൂവുകൾ വിടരും മുൻപേ കൊഴിഞ്ഞു വീഴുന്ന വേദനാജനകമായ കാഴ്ച്ചയാണ് സമൂഹത്തിൽ അരങ്ങേറുന്നത്!! കളിച്ചു നടക്കേണ്ട പ്രായത്തിൽ അവർക്കന്യമായ ദുരന്തമുഖത്തേക്ക് തള്ളി വിടുന്ന ഇത്തരം ജന്മങ്ങൾക്ക് രണ്ടാമതൊന്ന് ആലോചിക്കാനുള്ള സാവകാശം നല്കരുത്!!
കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!! കുട്ടികൾക്കെതിരായ അക്രമസംഭവങ്ങളിൽ ശിക്ഷ വിധിക്കാതെ കുന്നു കൂടിക്കിടക്കുന്ന ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കേരളം!!! ഉത്തരേന്ത്യയിലെ പീഡനസംഭവങ്ങൾ കൊട്ടിഘോഷി ക്കപ്പെടുമ്പോൾ നാം മറന്നു പോകുന്ന ഒരു വസ്തുതയുണ്ട്!! നൂറു ശതമാനം സാക്ഷരരെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ നാട്ടിൽ നടക്കുന്ന പീഡന പരമ്പരകളുടെ നാലിലൊന്നു പോലും അവിടെ നടക്കാറില്ല!! ഉത്തരേന്ത്യയിലെ നിയമസംവിധാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പ്രാപ്തരായതു കൊണ്ടും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കുകളില്ലാത്തതു കൊണ്ടും ജനശ്രദ്ധയാകർഷിക്കുക മാത്രമാണ് ചെയ്യുന്നത്! പ്രത്യേക നിയമത്തിന്റെ പരിധിയിൽ അതിവേഗ കോടതികൾ വിചാരണ ചെയ്ത് ഇത്തരം കേസുകളിൽ ശിക്ഷ വിധിക്കുകയും ചെയ്യുന്നുണ്ട്!! നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെറും 23 ദിവസങ്ങൾക്കുള്ളിൽ വിചാരണ നടത്തി തൂക്കിലേറ്റാൻ വിധിച്ച “ഭോപ്പാൽ (ഇൻഡോർ) കേസിലെ വിധി അതിനൊരു ഉദാഹരണമാണ്!! POSCO(protection of Childrens from Sexual Offence Act) നിയമത്തിലനുശാസിക്കുന്ന കുറ്റങ്ങൾ ചുമത്തി അതിവേഗം കോടതിയിൽ വിചാരണ നടത്തി ഇന്ത്യൻ പീനൽ കോഡിലെ പരമാവധി ശിക്ഷയായ തൂക്കുകയർ വിധിച്ച ഭരണസംവിധാനം മാതൃകയാക്കേണ്ടതാണ്!!
പണവും പ്രതാപവും എന്തു തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻസായി കരുതി പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കതയെ ഇതു പോലെയുള്ള കാമവെറിയൻമാർ നൈമിഷിക സുഖത്തിനായി കളങ്കപ്പെടുത്തുമ്പോൾ.. പൊതുസമൂഹത്തിന്റെ സംരക്ഷണവും നന്മയും ഉറപ്പാക്കേണ്ടത് ആ നാട്ടിലെ ഭരണസംവിധാനം തന്നെയാണ്!! തടസ്സങ്ങളില്ലാതെ,ഒത്തു തീർപ്പുകളില്ലാതെ, കാത്തിരിപ്പിന്റെ നീണ്ട ഇടവേളകളില്ലാതെ ഇത്തരം കേസുകളിൽ പ്രതിയെയും കൂട്ടു പ്രതികളെയും മാതൃകാപരമായ ശിക്ഷ നല്കി തങ്ങളുടെ ഭരണപാടവും പൊതുജനങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തുക തന്നെ വേണം!!! നല്കി തങ്ങളുടെ ഭരണപാടവും പൊതുജനങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തുക തന്നെ വേണം!!!
ജാതിമതഭേദമന്യേ, ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വേർതിരിവുകളില്ലാതെ , ഭരണപക്ഷമെന്നോ,പ്രതിപക്ഷമെന്നോ എന്ന് ചിന്തിക്കാതെ, ഇത്തരം നിഷ്ഠൂരമായ പ്രവർത്തികളിൽ പ്രതികളാകുന്നവരെ എത്ര ഉന്നതരായാലും മാതൃകാപരമായ ശിക്ഷ നല്കി സ്വന്തം നാടിനെ രക്ഷിച്ചില്ലെങ്കിൽ “പീഡനങ്ങൾ അരങ്ങു വാഴുന്ന നരകം”” എന്നായിരിക്കും ഈ നാട് അറിയപ്പെടുക!!!
Post Your Comments