Latest News

തീയേറ്റര്‍ പീഡനം; സ്പീക്കറുടേയും കെ.കെ ശൈലജയുടേയും പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയും രംഗത്ത്. പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്നും പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണെന്നും സ്പീക്കര്‍ ആരാഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പീഡനം സംബന്ധിച്ച് പൊലീസിന് വീഴ്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി കെ.കെ ശൈലജ. തെളിവ് സഹിതം പരാതി ലഭിച്ചെങ്കില്‍ അന്നേരം കേസെടുക്കണമായിരുന്നെന്നും മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ലെന്നും കുട്ടിയുടെ അമ്മ ഇങ്ങനെ പെരുമാറിയ സാഹചര്യം സാമൂഹിക നീതി വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. എസ്പിയുടെ നിയമപ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അമ്മയെ പൊന്നാനിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

അതേസമയം തന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും ഇതിനുമുമ്പും പ്രതിയായ മൊയിതീന്‍ കുട്ടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ കുഞ്ഞിന്റെ ഭാവിയെ കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുകൂടാതെ പ്രതി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയ തിയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അഭിനന്ദിച്ചു.

തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ ഇന്നലെ വൈകുന്നേരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായി മൊയ്തീന്‍ കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും സിനിമാ തീയറ്ററില്‍ എത്തിക്കുകയും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. മഞ്ചേരി പോക്‌സോ കോടതിയാല്‍ മൊയ്തീന്‍ കുട്ടിയെ ഇന്ന് ഹാജരാക്കും. അതേസമയം ബാല പീഡനത്തെക്കുറിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ നടപടി വൈകിയതില്‍ ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബിയെ സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി സിഐ സണ്ണി ചാക്കോ ആണ് കേസ് അന്വേഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button