മലപ്പുറം: ബാലികയെ പീഡിപ്പിച്ച പ്രതിയെ രക്ഷപെടുത്താൻ മലപ്പുറത്ത് നിന്നുള്ള ഒരു മന്ത്രി ഇടപെട്ടതായുള്ള ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. മലപ്പുറത്ത് നിന്നുള്ള ഒരു മന്ത്രി പ്രതിയെ സഹായിക്കാന്‍ ഇടപെട്ടുവെന്ന രീതിയില്‍ കോണ്‍ഗ്രസ് ചാനല്‍ വാര്‍ത്ത നല്കി. തെറ്റിദ്ധരിപ്പിക്കും വിധം വാര്‍ത്ത നല്‍കിയത് മാധ്യമധര്‍മ്മത്തിന് ചേർന്നതല്ല. രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ച ഈര്‍ഷ്യ തീര്‍ക്കേണ്ടത് കള്ളക്കഥകള്‍ മെനഞ്ഞെടുത്തല്ല എന്നും ജലീൽ പറയുകയുണ്ടായി.
ബാലിക ലൈംഗിക അതിക്രമത്തിന് വിധേയമായ സംഭവം അത്യന്തം ഹീനമാണ്. പൊലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാന്‍ തയാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ്. അതുകൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പെൻഡ് ചെയ്തതെന്നും മറ്റു നിയമനടപടികള്‍ സ്വീകരിച്ചതെന്നും ജലീല്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
എന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററിൽവെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാൽ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടൽ വിവരണാതീതമാണ് . പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ് . അത്കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികൾ കൈകൊള്ളുന്നതും . DYSP ക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ . സർക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോൺഗ്രസ്സ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നത് . മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ “ജയ്ഹിന്ദ്” ചാനലാണ് ഫ്ലാഷ് ന്യൂസ് സംപ്രേഷണം ചെയ്തത് . എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ല . ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും . ” ജയ് ഹിന്ദ് ” ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു . തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂ .
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ തോൽപിച്ച “ഈർഷ്യ” തീർക്കേണ്ടത് കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല . നേർക്കുനേർ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങൾ സാക്ഷി … എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല …. എനിക്കതിന് കഴിയില്ല …. കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ . സത്യമേവ ജയതേ ……
Post Your Comments