Kerala

ബംഗളൂരുവില്‍ യുവാവിനൊപ്പം ജസ്‌നയെ കണ്ടതിനെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവന്നു ; പുഞ്ചവയല്‍ വരെ എത്തിയെന്നതിന് സിസി ടിവി ദൃശ്യം തെളിവ്

ബംഗളൂരു : ഒന്നര മാസം മുമ്പ് പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയെ യുവാവിനൊപ്പം ബംഗളൂരുവില്‍ കണ്ടതിനെ കുറിച്ച് സത്യാവസ്ഥ പുറത്തുവന്നു. ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു യുവാവിനൊപ്പം ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടെന്ന പാലാ പൂവരണി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജെസ്‌നയെന്ന് സംശയിച്ചത് മറ്റൊരു മലയാളി പെണ്‍കുട്ടിയെ ആണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബംഗളൂരുവിലെ ആശ്വാസ് ഭവനില്‍ ജെസ്‌ന ഒരു യുവാവിനൊപ്പം എത്തിയെന്നായിരുന്നു പാലാ സ്വദേശിയുടെ മൊഴി. പോലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ഇവര്‍ ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലും ചികിത്സ തേടിയിരുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പാലാ സ്വദേശിയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലും മൈസൂരുവിലും കേരള പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

കേരളത്തിലും ഒരു സംഘം ജെസ്‌നയ്ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ചുള്ള ദുരൂഹതകള്‍ വര്‍ധിച്ചിരിക്കുകയാണ്. മാര്‍ച്ച് 22ന് രാവിലെ മുക്കൂട്ടുതറയില്‍ നിന്നും എരുമേലിയില്‍ എത്തി മറ്റൊരു ബസില്‍ ജെസ്‌ന പുഞ്ചവയല്‍ എന്ന സ്ഥലത്ത് എത്തിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ല. 52 ദിവസമായി കാണാതായിട്ടും കേസ് അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല എന്നത് പോലീസിനെ കുഴയ്ക്കുകയാണ്. മൊബൈല്‍ ഫോണ്‍ എടുക്കാതെ പെണ്‍കുട്ടി പോയതിനാല്‍, ആ വഴിക്കുള്ള അന്വേഷണവും വഴിമുട്ടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button