കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് നേതാവ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും ആര്‍എസ്എസ് പ്രവര്ത്തകന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ആര്‍എസ്എസിന് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊന്നത്. ബാബു മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തനായ ഷമേജ് കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്.
Post Your Comments