Latest NewsKeralaNews

ഒരു കൊടും ക്രൂരതകൂടി കേരളാ പോലീസിന്റെ തൊപ്പിയിൽ തൂവലായി

കോഴിക്കോട് : വീണ്ടും പോലീസിന്റെ ക്രൂരത ആവർത്തിക്കുന്നു. ഒന്പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള കാര്യം കോടതിയില്‍നിന്നു മറച്ചുവെച്ച് കവര്‍ച്ചക്കുറ്റം ചുമത്തി യുവതിയെ പോലീസ് അറസ്റ്റുചെയ്തു ജയിലിലാക്കി. കുട്ടികള്‍ക്ക് അസുഖമായതിനാല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയിലായിരുന്നു പോലീസ് നടപടി.

കോയമ്പത്തൂർ സ്വദേശിയായ യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുട്ടികളുള്ള കാര്യം പോലീസുകാർ മനപൂർവം മറച്ചുവെച്ചു. തുടര്‍ന്ന് കോടതി അമ്മയെ മാത്രമായി റിമാന്‍ഡ് ചെയ്തു. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ മൂന്നുവര്‍ഷംമുന്‍പ് കവര്‍ച്ച നടത്തിയെന്ന കുറ്റംചുമത്തിയാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റി.

കുട്ടികള്‍ക്ക് കഫക്കെട്ടും പനിയുമായതിനാല്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസ് യുവതിയെ അറസ്റ്റുചെയ്തത്. ഭാര്യയെ അന്വേഷിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുട്ടികളുമായി കരഞ്ഞുകൊണ്ട് അച്ഛന്‍ മാണിക്യം(35) ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില ചുമട്ട് തൊഴിലാളികളും തീവണ്ടിയാത്രയ്ക്ക് സ്റ്റേഷനില്‍ എത്തിയവരുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്.

‘മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, കോഴിക്കോട്, 0495-2357691’ എന്ന് വെളളക്കടലാസിലുള്ള ഒരു കുറിപ്പ് മാത്രമാണ് അറസ്റ്റുചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ അച്ഛന്റെ കൈയില്‍ കൊടുത്തത്. ഇതിനിടെ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെയും അച്ഛനെയും കണ്ട റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ എം. രാജന്‍ ആര്‍.പി.എഫ്. സ്റ്റേഷനിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ വിനോദ് ജി. നായര്‍ മെഡിക്കല്‍ കോളേജ് പോലീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതിയെ പോലീസ് അറസ്റ്റുചെയ്ത കാര്യം അറിയുന്നത്. തുടര്‍ന്ന് ഇവർ കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു . തുടര്‍ന്ന് മക്കളായ കാര്‍ത്തിക, കാര്‍ത്തിക് എന്നിവരെ സിറ്റി വനിതാ പോലീസ് ഏറ്റുവാങ്ങി ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും.

സംഭവം പുറത്തറിഞ്ഞതോടെ പോലീസ് സ്വന്തം തെറ്റുകൾ മറച്ചുവെയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി, അമ്മയ്‌ക്കൊപ്പം രണ്ട് കുട്ടികളുണ്ടെന്ന വിവരം ചൊവ്വാഴ്ച കോടതിയെ രേഖാമൂലം അറിയിക്കാനുള്ള ശ്രമം തുടങ്ങി. സംഭവം സംബന്ധിച്ച് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ വി.എം. അബ്ദുള്‍ വഹാബ് സിറ്റി പോലീസ് ചീഫ് കാളിരാജ് എസ്. മഹേഷ് കുമാറിന് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button