Latest NewsKeralaNews

മാതാപിതാക്കളുടെ ദുരൂഹ മരണവും മകള്‍ ബിന്ദുവിന്റെ തിരോധാനവും പത്മ നിവാസിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമെന്ന് സംശയം

 

ആലപ്പുഴ : വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ മാഫിയാ സംഘം കൊലപ്പെടുത്തിയെന്ന് സംശയം. പ്രവാസിയായ സഹോദരന്റെ പരാതിയില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം തുടങ്ങി . സംഭവത്തിനുപിന്നില്‍ വന്‍ മാഫിയസംഘം ഉണ്ടെന്നാണ് സൂചന.

ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ ജംഗ്ഷന് സമീപം പത്മനിവാസില്‍ പി.പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. ചേര്‍ത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

അച്ഛനും അമ്മയോടും ഒപ്പമാണ് ബിന്ദു താമസിച്ചിരുന്നത്. ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയപ്പോള്‍ ബിന്ദു എംബിഎ പഠനത്തിന് ബംഗ്ളുരുവിലേക്ക് പോയി. പഠിക്കുന്ന സ്ഥലത്തിന്റെ വിവരമോ ഫോണ്‍ നമ്പറോ ബിന്ദു ആര്‍ക്കും നല്‍കിയില്ല. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടുമക്കള്‍ക്കുമായി സ്വത്തുക്കള്‍ വില്‍പത്രത്തിലൂടെ വീതിച്ചിരുന്നു. 2002 സെപ്തംബര്‍ എട്ടിന് അമ്മയും ഇതേവര്‍ഷം നവംബര്‍ 29ന് അച്ഛനും മരിച്ചു.

ഇരുവരുടെയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബിന്ദു എത്തിയില്ല. പിന്നീട് ബിന്ദു വീട്ടിലെത്തി താമസം തുടങ്ങിയിരുന്നു. നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ അച്ഛന്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ബിന്ദു വീട്ടില്‍ വന്നിരുന്നതായും മരണത്തിന്റെ രണ്ട് ദിവസം മുമ്പാണ് മടങ്ങിപ്പോയതെന്നും അറിഞ്ഞതായും പ്രവീണ്‍ പരാതിയില്‍ പറയുന്നു. ഈ സമയത്ത് വീട്ടിലെ പത്തുലക്ഷത്തോളം രൂപ വിലയുള്ള സാധനസാമഗ്രികള്‍ വില്‍ക്കുകയും ചേര്‍ത്തല ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റ് ബാങ്കുകളില്‍ ഉണ്ടായിരുന്ന തുകയെല്ലാം ബിന്ദു പിന്‍വലിച്ചിരുന്നു.

പിന്നീട് പ്രവീണിന്റെ ഭാര്യയുടെ പേരില്‍ ചേര്‍ത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10 സെന്റും ഇവിടെ തന്നെയുള്ള 1.66 ഏക്കര്‍ സ്ഥലവും മറ്റൊരാളുമായി ചേര്‍ന്ന് ബിന്ദു വിറ്റതായും അറിഞ്ഞു. പള്ളിപ്പുറം സ്വദേശിയായ കാര്‍ഡ്രൈവറുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞത്. മൂന്നരവര്‍ഷം മുമ്പ് മാവേലിക്കരയില്‍ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ ബിന്ദുവും പള്ളിപ്പുറത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായി ചെന്നതായും പിന്നീട് ഇതുവരെ ബിന്ദുവിനെകുറിച്ച് യാതൊരു വിവരവുമില്ലെന്നും പ്രവീണ്‍ പറയുന്നു.

ബിന്ദുവിനെക്കുറിച്ച് പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരനോട് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുമാറി. എറണാകുളത്തെ ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന വസ്തു വ്യാജ ആധാരം ചമച്ച് ആള്‍മാറാട്ടം നടത്തി വിറ്റതായി മനസിലാക്കി. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2013ല്‍ തീറാധാരത്തിന് ഹാജരാക്കിയ പവര്‍ ഓഫ് അറ്റോര്‍ണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും വ്യാജമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ പകര്‍പ്പുകള്‍ പരാതിക്കൊപ്പം പ്രവീണ്‍ ഹാജരാക്കി. ഇത്തരത്തില്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയോ വില്‍പ്പന നടത്തിക്കുകയോ ചെയ്തശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രവീണിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button