ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്. ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഓഹരിവിപണിയില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനംചെയ്താണ് ഇത്ര വലിയ തുക ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും തട്ടിപ്പുസംഘം അടിച്ചെടുത്തത്. സംഭവത്തില്‍ ചേര്‍ത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്‍വെസ്‌കോ കാപിറ്റല്‍, ഗോള്‍ഡ്മാന്‍സ് സാക്സ് എന്നീ കമ്പനികളുടെ അംഗീകൃത പ്രതിനിധികള്‍ എന്ന നിലയിലാണ് തട്ടിപ്പുസംഘം ഡോക്ടര്‍ ദമ്പതികളെ സമീപിച്ചത്. ഇതിനായി പല രേഖകളും ഇവര്‍ ഡോക്ടര്‍മാരെ കാണിക്കുകയും ചെയ്തിരുന്നു. നിക്ഷേപത്തിന് ഉയര്‍ന്ന ലാഭമാണ് സംഘം വാഗ്ദാനം ചെയ്തിരുന്നത്.
രണ്ടുമാസത്തിനിടെയാണ് ഇവര്‍ 7.65 കോടി കൈമാറിയത്. നിക്ഷേപവും ലാഭവും ചേര്‍ത്ത് മൊത്തം 39,72,85,929 രൂപ അക്കൗണ്ടിലുണ്ടെന്ന് വ്യാജ സ്റ്റേറ്റ്‌മെന്റ് ദമ്പതിമാര്‍ക്ക് അയച്ചുനല്‍കി. നിക്ഷേപം 15 കോടിയാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ദമ്പതിമാര്‍ നിരസിച്ചു.
ഇതോടെ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചെന്നും നിക്ഷേപിച്ച തുക തിരികെക്കിട്ടണമെങ്കില്‍ രണ്ടുകോടി രൂപ കൂടി നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും പൊലീസിനെ സമീപിക്കുകയും ചെയ്തത്.
ഗുജറാത്തിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments