ജിദ്ദ : സൗദിയില്‍ ബസുകള്‍ നിര്‍മ്മിക്കാന്‍ പ്ലാന്‌റുകള്‍ തുറക്കാനും ഹൈവേകളില്‍ ടോളുകള്‍ സ്ഥാപിക്കാനുമുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഗതാഗത രംഗത്ത് വികസനത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ ബസുകള്‍ ഇറക്കാനും സ്വദേശത്തു തന്നെ ബസുകളുടെ നിര്‍മ്മാണത്തിനുമാണ് ഊന്നല്‍ നല്‍കുന്നതെന്ന് സൗദി ഗതാഗത മന്ത്രി നബീല്‍ അല്‍ അമുദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൗദി ഭരണകൂടത്തിന് കൂടുതല്‍ വാഹന നിര്‍മ്മാണ യൂണിറ്റുകളില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതു ഗതാഗത രംഗം മെച്ചപ്പെടുത്താന്‍ ആയിരക്കണക്കിന് ബസുകളാണ് ഇറക്കുമതി ചെയ്തത്.
കഴിഞ്ഞ മെയ് മാസം ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഡെയ്ംലറിന് റിയാദിലേക്ക് 600 മെഴ്‌സിഡസ് ബെന്‍സ് സിറ്റാറോ ബസുകള്‍ നല്‍കാനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ലോകത്തിലെ തന്നെ ബസ് വിപണിയിലെ വലിയ തുകയുടെ ഓര്‍ഡറായിരുന്നു ഇത്. സ്വദേശത്തു തന്നെ വാഹനം നിര്‍മ്മിക്കാനുള്ള തീരുമാനമാകുന്നതോടെ അമിത ഇറക്കുമതി തുക അടയ്ക്കുന്നതില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഗതാഗത രംഗത്ത് കൂടുതല്‍ നിക്ഷേപം ലഭിക്കുവാനാണ് ടോളുകള്‍ നിര്‍മ്മിക്കാന്‍ സൗദി ഭരണകൂടം തയാറാകുന്നത്. ആറു ടോളുകള്‍ നിര്‍മ്മിച്ച് അതിന്‌റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനാണ് സാധ്യത. എന്നാല്‍ ടോള്‍ ബാധകമല്ലാത്ത റോഡുകള്‍ ആളുകള്‍ കൂടുതലായി സഞ്ചാരത്തിന് തിരഞ്ഞെടുക്കുമോ എന്ന ആശങ്കയുമുണ്ടെന്നും അധികൃതര്‍ പറയുന്നു.
Post Your Comments