KeralaLatest NewsNews

വാഹനത്തിന്റെ റീ ടെസ്റ്റിന് എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ കയര്‍ത്തുവെന്ന പ്രചരണത്തിന്റെ നിജസ്ഥിതി ഇങ്ങനെ

കൊച്ചി: നോര്‍ത്ത് പറവൂര്‍ ജോയിന്റ് ആര്‍ടിഒ ഇടപാടുകാരനെ ചീത്തവിളിച്ചുവെന്ന ആക്ഷേപം പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രതികാരമെന്ന് ആക്ഷേപം. ദൃശ്യങ്ങൾ പകർത്തിയ ആൾ മണൽക്കടത്തുമായി ബന്ധമുള്ള ആളാണെന്നും ഇയാളുടെ ലോറികൾക്കെതിരേ 2011 മുതല്‍ നിരവധി തവണ നടപടിയെടുത്തയാളാണ് ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് എന്നുമാണ് പുതിയ റിപ്പോർട്ട്. ലോറിമുതലാളിയായ ഇയാൾ നിയമലംഘനം നടത്തി ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നും ആര്‍ടിഒ ഉദ്യോഗസ്ഥരുള്‍പ്പെടെ വ്യക്തമാക്കുന്നു.

ഏജന്റുമാരുടെ സഹായമില്ലാതെ വാഹനത്തിന്റെ റീ ടെസ്റ്റിന് എത്തിയപ്പോള്‍ നോര്‍ത്ത് പറവൂര്‍ ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് കയര്‍ത്തു സംസാരിച്ചുവെന്നു പറഞ്ഞാണ് സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നത്. കൂടാതെ ഇടനിലക്കാര്‍ വഴിയല്ലാത്ത ഇടപാടിന് കൈക്കൂലി ലഭിക്കില്ലെന്നതിന്റെ വിഷമത്തിലാണ് ആര്‍ടിഒ ദേഷ്യപ്പെട്ടതെന്നാണ് ദൃശ്യങ്ങളെടുത്ത ആൾ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും ഇത് മണല്‍ക്കടത്തുകാരുടെ പ്രതികാരമാണെന്നുമാണ് ആര്‍ടിഒയുടെ വിശദീകരണം.

കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ നേതാവായ സിയാദിന്റെ ഉടമസ്ഥതയിലുള്ള ലോറികള്‍ക്കെതിരേ 2011 മുതല്‍ നിരവധി കേസുകളുണ്ട്. ഓവര്‍ ലോഡിന് ചെക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും പിഴപോലും അടച്ചിട്ടില്ല. പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ സിയാദിനുമേല്‍ സമ്മര്‍ദം ചെലുത്താറുമുണ്ട്. ഇതിന്റെ പ്രതികാരമായാണ് തന്നെ പ്രകോപിപ്പിച്ച്‌ വീഡിയോയില്‍ കുടുക്കിയതെന്ന് ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. സാധാരണ ഗതിയില്‍ ബുധനാഴ്ച രാവിലെ പത്തുമുതല്‍ പന്ത്രണ്ടുവരെയാണ് ഗ്രൗണ്ടില്‍ വാഹന പരിശോധന.

എന്നാല്‍ വേനല്‍ കടുത്തതോടെ രാവിലെ പതിനൊന്നുമണിവരെ എന്നാക്കി വാഹന പരിശോധനാ സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് ഓഫീസിനു പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇയാൾ ഇതൊക്കെ അറിയാമെങ്കിലും പതിനൊന്നരക്ക് ആണ് ഇവിടെ എത്തിയത്. വാഹനപരിശോധന നടത്തണമെന്ന് വാശിപിടിച്ചത്. മാത്രവുമല്ല റീടെസ്റ്റ് വാഹനങ്ങള്‍ പരിശോധിക്കാന്‍ ജോയിന്റ് ആര്‍ടിഒ ഗ്രൗണ്ടില്‍ പോകേണ്ടതില്ല. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അഡീഷണല്‍ ഇന്‍സ്പെക്ടര്‍മാരുമാണ് ഗ്രൗണ്ടില്‍ ചെക്കിങ് നടത്തേണ്ടത്. – ബിജു ജെയിംസ് വ്യക്തമാക്കുന്നു.

ആദ്യം ഒരുതവണ ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം മൊബൈല്‍ ഓണാക്കി സിയാദ് വീണ്ടുമെത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. മദ്യപിച്ച്‌ വാഹനമോടിച്ച ഡ്രൈവറെ പിടികൂടിയപ്പോള്‍ ആ ബസോടിച്ച്‌ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച്‌ കയ്യടി നേടിയതടക്കം മികച്ച രീതിയില്‍ കൃത്യനിര്‍വഹണം നടത്തുന്നതിന് കയ്യടി നേടിയയാളാണ് ബിജു ജെയിംസ്. സംഭവത്തില്‍ സിയാദിനെതിരേ നിരവധി പേര്‍ സാക്ഷിപറയാന്‍ തയ്യാറാണെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button