തൃശൂര്‍: ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇതോടെ തുടര്‍ അന്വേഷണ ചുമതല കുന്നംകുളം ഡിവൈ.എസ്.പി. പി. വിശ്വംഭരന് കൈമാറി. കുന്നംകുളം സി.ഐയായിരുന്ന സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്.
മൃതദേഹം ഒഡീഷ സ്വദേശിയുടേതാണെന്നും സംഭവത്തിനു പിന്നില്‍ ബംഗാളി സ്വദേശികളാണെന്നും പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതിനിടെ സി.ഐ. സി.ആര്‍. സന്തോഷ് ഡിവൈ.എസ്.പി. പ്രമോഷനായി വടകരയില്‍ ചുമതലയേറ്റു. ഇതോടെ കേസ് അന്വേഷണം മന്ദഗതിയിലായി. പുതിയ സി.ഐ. ചാര്‍ജെടുത്തെങ്കിലും കേസ് അന്വേഷണ ചുമതല ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു.
കേസ് അന്വേഷണത്തിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം പോലീസ് ക്രൈംകാര്‍ഡ് പുറത്തിറക്കിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം, സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ഷര്‍ട്ട,് കൈയുടെ കത്തിയ കുറച്ചുഭാഗങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയാണ് ക്രൈംകാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരിക്കും തുടര്‍ അന്വേഷണങ്ങള്‍ നടത്തുക. മലയാളത്തിലിറക്കിയിട്ടുള്ള ക്രൈംകാര്‍ഡ് ഒഡീഷ, ബംഗാളിഭാഷകളിലേക്ക് മൊഴിമാറ്റം നടത്താനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്. സംശയമുള്ള ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് ഉടന്‍തന്നെ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ പ്രത്യേക സ്‌ക്വാഡ് ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ പോയി അന്വേഷണം നടത്തും.
Post Your Comments