കൊച്ചി: ഡോ ബിജു അറിയപ്പെടുന്നത് ഏത് പടത്തിന്റെ പേരിലാണെന്ന നടൻ ജോയ് മാത്യുവിന്റെ പരിഹാസത്തിന് മറുപടിയുമായി ഡോ ബിജു രംഗത്ത്. പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്‌നമായി അതിനെ കണ്ടാല്‍ മതിയെന്നും കേരളത്തില്‍ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താല്‍ മാത്രം പോരാ ഈ നാട്ടില്‍ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ അല്‍പ്പം വിവരം ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഏഴ് സിനിമകള്‍ പുറത്തിറങ്ങുകയും ആ സിനിമകള്‍ക്ക് അഞ്ച് ദേശീയ അവാര്‍ഡും 12 സംസ്ഥാന അവാര്‍ഡും ഇരുപതിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടുകയും ചെയ്ത ഒരു സംവിധായകനെ താങ്കള്‍ അറിയാത്തത് താങ്കളുടെ അറിവിന്റെ പരിമിതി ആയി കരുതിയാല്‍ മതിയെന്നും ബിജു വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മിസ്റ്റര്‍ ജോയ് മാത്യുവിന്റെ പത്ര സമ്മേളനം അറിഞ്ഞത് കൊണ്ട് മാത്രം ചില കാര്യങ്ങള്‍ മറുപടി പറയട്ടെ,
1. ഷട്ടര്‍ എന്ന സിനിമയുടെ പേരില്‍ ആണ് അദ്ദേഹം അറിയപ്പെടുന്നത് ഡോ ബിജു ഏത് സിനിമയുടെ പേരില്‍ ആണ് അറിയപ്പെടുന്നത് എന്നാണ് ഒന്നാമത്തെ ചോദ്യം. കേരളത്തില്‍ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താല്‍ മാത്രം പോരാ ഈ നാട്ടില്‍ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ അല്‍പ്പം വിവരം ഉണ്ടാകുന്നത് നല്ലതാ. ഏഴ് സിനിമകള്‍ പുറത്തിറങ്ങുകയും ആ സിനിമകള്‍ക്ക് അഞ്ച് ദേശീയ അവാര്‍ഡും 12 സംസ്ഥാന അവാര്‍ഡും ഇരുപതിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടുകയും ചെയ്ത ഒരു സംവിധായകനെ താങ്കള്‍ അറിയാത്തത് താങ്കളുടെ അറിവിന്റെ പരിമിതി ആയി കരുതിയാല്‍ മതി. കുറഞ്ഞ പക്ഷം സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകന്‍ ആരാണ് എന്നെങ്കിലും അദ്ദേഹത്തിന് അറിയില്ല എന്നതില്‍ അത്ഭുതം ഉണ്ടാകേണ്ടതില്ല. പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്‌നമായി അതിനെ കണ്ടാല്‍ മതി.
താങ്കള്‍ ഇടപെടുന്ന മുഖ്യധാരാ സിനിമകളെ കുറിച്ചു മാത്രമേ താങ്കള്‍ക്ക് കുറച്ചെങ്കിലും വിവരം ഉള്ളൂ എന്നത് താങ്കളുടെ കുഴപ്പമല്ല. പത്രം വായിക്കുവാനും ടെലിവിഷന്‍ ന്യൂസുകള്‍ വല്ലപ്പോഴും കാണുവാനും ശ്രമിക്കുക. ദേശീയമായും അന്തര്‍ദേശീയമായും ഒക്കെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളെ പറ്റി കുറച്ചൊക്കെ വിവരം ലഭിക്കും. ഏതായാലും സ്‌കൂളിലും കോളജുകളിലും ജേര്‍ണലിസം കോഴ്സിനുമൊക്കെ റഫറന്‍സ് ആയി എന്റെ നിരവധി സിനിമകള്‍ പഠിപ്പിക്കുന്നുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി വിദേശ യൂണിവേഴ്‌സിറ്റികളില്‍ ലൈബ്രറികളില്‍ എന്റെ സിനിമകള്‍ ആര്‍ക്കീവ് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെറുതെ താങ്കളുടെ അറിവിനായി സൂചിപ്പിച്ചു എന്നെ ഉള്ളൂ കാര്യമാക്കണ്ട.
2. അദ്ദേഹത്തിന്റെ സിനിമ ദേശീയ അവാര്‍ഡിന് ഞാന്‍ ഉള്‍പ്പെട്ട ജൂറി മുകളിലോട്ട് അയച്ചില്ല അത്രേ. ദേശീയ അവാര്‍ഡിന്റെ ഘടനയെ പറ്റി താങ്കള്‍ക്ക് വലിയ ബോധം ഇല്ല എന്ന് മനസ്സിലായി. പ്രാദേശിക ജൂറിയുടെ ജോലി മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും എത്തുന്ന എല്ലാ സിനിമകളും കണ്ട് അതില്‍ ഏറ്റവും മികച്ചത് എന്ന് തോന്നുന്ന കുറച്ചു ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. അല്ലാതെ ജൂറിയ്ക്ക് മുന്നില്‍ വരുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുക്കുക അല്ല.
3. തന്റെ ചിത്രം തിരഞ്ഞെടുക്കാത്തത്തിന്റെ കാരണം എന്നെ വിളിച്ച് അന്വേഷിക്കുകയും ഞാന്‍ പറഞ്ഞ മറുപടിക്ക് നന്ദി പറയുകയും മാത്രമേ ചെയ്തുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഭീഷണിപ്പെടുത്തിയിട്ടില്ല. അസഭ്യം പറഞ്ഞിട്ടില്ല, ജാതി വിളിച്ച് ആക്ഷേപിച്ചിട്ടില്ല എന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. കോടതിയില്‍ കേസ് നടക്കുകയാണല്ലോ അതിനാല്‍ കൂടുതല്‍ പറയുന്നില്ല..കേസില്‍ കോള്‍ റെക്കോര്‍ഡര്‍ ടെലിഫോണ് കമ്ബനിയില്‍ നിന്നും ലഭ്യമാകും എന്നത് ഓര്‍ത്താല്‍ മതി. താങ്കള്‍ പറഞ്ഞത് ഏതായാലും മായിച്ചു കളയാന്‍ പറ്റില്ലലോ? പിന്നെ ഈ കേസില്‍ വാദി ഞാനല്ല സ്റ്റേറ്റ് ആണ്. എന്റെ പരാതി സ്റ്റേറ്റിനാണ് നല്‍കിയിട്ടുള്ളത്. കേസ് കോടതിയില്‍ വാദിക്കുന്നത് സര്‍ക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ്.
4. പത്രസമ്മേളനത്തില്‍ താങ്കള്‍ തന്നെ പറയുന്നു അഞ്ച് പേരുള്ള ആ കമ്മറ്റിയില്‍ മലയാളത്തില്‍ നിന്നും ഞാനും സാബു ചെറിയാനും അംഗങ്ങള്‍ ആയിരുന്നു എന്ന്. താങ്കള്‍ സാബു ചെറിയാനെ വിളിച്ച് എന്തുകൊണ്ട് വിവരങ്ങള്‍ അന്വേഷിച്ചില്ല, തെറി പറഞ്ഞില്ല, ഭീഷണിപ്പെടുത്തിയില്ല? യാതൊരു പരിചയവും ഇല്ലാത്ത എന്നെ മാത്രം വിളിച്ചു തെറി പറഞ്ഞതിന്റെ പിന്നിലെ മാനസിക നില എല്ലാവര്‍ക്കും മനസ്സിലാകും മിസ്റ്റര്‍ ജോയി മാത്യു. അതിന് പിന്നില്‍ നിങ്ങളുടെ കൃത്യമായ ഒരു സാമൂഹിക ബോധമുണ്ട്. അങ്ങനെ താങ്കളുടെ തെറി വിളിയും അധിക്ഷേപവും കേള്‍ക്കേണ്ട ഒരാളാണ് എന്നെപ്പോലെയുള്ള ഒരാള്‍ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം .പക്ഷെ അത് അനുസരിച്ച് വണങ്ങി നില്‍ക്കാന്‍ എനിക്ക് മനസ്സില്ല. അതുകൊണ്ട് തന്നെയാണ് കേസ് കൊടുത്തത്. ബാക്കി കോടതിയില്‍ തന്നെ കാണാം. നിങ്ങള്‍ക്കൊക്കെ തെറി വിളിക്കാനും ജാതി അധിക്ഷേപം നടത്താനും ഉള്ളവരല്ല ഞങ്ങളൊക്കെ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കി തരാന്‍ സുപ്രിം കോടതി വരെ പോകാനും തയ്യാറാണ് മിസ്റ്റര്‍ ജോയി മാത്യു. അത് ഒരു സാമൂഹിക രാഷ്ട്രീയ നിലപാട് ആണ്. തത്കാലം ഇത്രമാത്രം. ബാക്കി ഇനി താങ്കളുടെ അടുത്ത പത്ര സമ്മേളനം ഉണ്ടെങ്കില്‍ അത് കഴിഞ്ഞു പറയാം, ഡോ ബിജു കൂട്ടിച്ചേര്‍ത്തു.
Post Your Comments