ഭോപ്പാല്‍•വിവാഹങ്ങള്‍ വൈകി നടത്തുന്നതാണ് ഒളിച്ചോട്ടത്തിനും “ലവ് ജിഹാദി’നും കാരണമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ. നേരത്തെ കാണാത്ത വധുവരന്മാര്‍ ഉള്‍പ്പെട്ട ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള നേരത്തെയുള്ള വിവാഹങ്ങളെ താന്‍ പിന്തുണയ്ക്കുന്നതായും എം.എല്‍.എ ഗോപാല്‍ പര്‍മാര്‍ പറഞ്ഞു. കാരണം ഇത്തരം ബന്ധങ്ങള്‍ എന്നന്നേക്കും നിലനില്‍ക്കുമെന്നും ഇന്ന് കാണുന്നത് പോലെയുള്ള വിവാഹ മോചങ്ങള്‍ ഈ വിവാഹങ്ങളില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും 18 ഉം 21 ഉം വയസ് ആകുമ്പോള്‍ തന്നെ വിവാഹം കഴിപ്പിച്ചിരുന്നു. വിവാഹം ഇളംപ്രായത്തില്‍ തന്നെ നിശ്ചയിച്ചുകഴിഞ്ഞാല്‍ അവര്‍ വഴിതെറ്റിപോകുകയോ മറ്റൊരാളെ കുറിച്ച് ചിന്തിക്കുകയോ ഇല്ല. ഇപ്പോള്‍ അവര്‍ കോച്ചിംഗ് ക്ലാസുകളില്‍ വച്ച് കാണുന്നു. അവരില്‍ ചിലര്‍ ‘ലവ് ജിഹാദ്’ പോലെയുള്ള കെണികളില്‍ വീഴുന്നുവെന്നും ഗോപാല്‍ പര്‍മാര്‍ പറഞ്ഞു.
“ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വിവാഹിതനായി. എന്റെ മക്കളുടെ-മകന്റെയും മകളുടെയും-വിവാഹവും നിയമപരമായി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ നടത്തി. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ ഇരിക്കുന്നു”- 53 കാരനായ ഗോപാല്‍ പറയുന്നു.
ശൈശവ വിവാഹം നടന്നിരുന്ന കാലഘട്ടത്തില്‍ ആരും വിവാഹമോചനങ്ങളെക്കുറിച്ച് കേട്ടിരുന്നില്ല. വിവാഹ പ്രായം കുറയ്ക്കാന്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടില്ല. പക്ഷേ, മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ വിവാഹം അവര്‍ വഴിതെറ്റി പോകും മുന്‍പേ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments