KeralaLatest NewsNews

തന്നെ വേട്ടയാടിയവര്‍ക്കെതിരെ ആദ്യപ്രതികരണവുമായി അശ്വതി ജ്വാല : കൂടുതല്‍ ശോഭയോടെ ജ്വാല ആളിക്കത്തുന്നു

തിരുവനന്തപുരം: തന്നെ വേട്ടയാടിയവര്‍ക്കെതിരെ ആദ്യപ്രതികരണവുമായി അശ്വതി ജ്വാല.  കൂടുതല്‍ ശോഭയോടെ ഈ ജ്വാല ആളിക്കത്തുന്നു.

 തലസ്ഥാനത്ത് തെരുവിന്റെ മക്കളെ ഊട്ടാന്‍ ജീവിതം ഉഴിഞ്ഞുവച്ച അശ്വതി ജ്വാല എന്ന പെണ്‍കുട്ടി കാണാതായ വിദേശ വനിതയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ വിവാദത്തില്‍ പെട്ടു. വിദേശ വനിതയ്ക്ക് വേണ്ടി പണപ്പിരിവ് നടത്തിയെന്ന് പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് പൊലീസ് ഇപ്പോള്‍ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.
ഈ പ്ശ്ചാത്തലത്തിലാണ് അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് കുറിപ്പ്

തീയ്ക്ക് അങ്ങനെയൊരു കഴിവുണ്ട് എന്ന് പണ്ട് എപ്പോഴോ പഠിച്ചിട്ടുണ്ട്. അതായത് തീ കെടുത്താന്‍ വേണ്ടി നമ്മള്‍ ഉപയോഗിക്കുന്ന ഒരു വസ്തുവിന് ആ തീയിനെ കെടുത്താനുള്ള കഴിവ് യഥാര്‍ത്ഥത്തില്‍ ഇല്ല എങ്കില്‍ ആ വസ്തു ആ തീയിന് കൂടുതല്‍ ശക്തിയോടെ കത്തിപ്പടരാന്‍ സഹായകരമാകും എന്ന്.

ചില അവിചാരിത സംഭവങ്ങളുടെ പേരില്‍ ജ്വാലയ്‌ക്കെതിരെ സംഘടിത അപവാദപ്രചാരണങ്ങള്‍ക്കും അതിന്റെ പുറത്തുണ്ടായ പൊലീസ് പരാതിക്കും ഇത്തരം വസ്തുക്കളുടെ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അവയ്ക്കൊന്നും തന്നെ ജ്വാലയെ അപകീര്‍ത്തിപ്പെടുത്താനോ ജ്വാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാക്കാനോ ജ്വാലയെത്തന്നെ ഇല്ലാതാക്കാനോ സാധിച്ചില്ല എന്ന് മാത്രമല്ല, ഇവയൊക്കെ ഫലത്തില്‍ ജ്വാലയെയും അതിന്റെ പ്രവര്‍ത്തനമേഖലയെയും കൂടുതല്‍ ആളുകളിലേക്ക് തുറന്നിട്ട് ജ്വാലയുടെ പ്രശസ്തിയും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.

ഈ വിഷയം ഉണ്ടായപ്പോള്‍ മുതല്‍ ഈ നിമിഷം വരെ എന്റെ ഫോണില്‍ വന്ന കോളുകള്‍ക്ക് കണക്കില്ല. വിളിച്ചവരെല്ലാം തന്നെ എനിക്കും ജ്വാലയ്ക്കും കലവറയില്ലാത്ത പിന്തുണയാണ് തന്നത്. ‘ചേച്ചി ധൈര്യമായി ഇരിക്ക്. ചേച്ചി ഒരു വാക്ക് പറഞ്ഞാല്‍ എന്താവശ്യത്തിനും ഓടിയെത്താന്‍ ഇവിടെ ഞങ്ങളുണ്ട്’ എന്നിങ്ങനെ, ഞാന്‍ ഇതുവരെ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത ഒട്ടനവധി ആളുകളുടെ വാക്കുകള്‍ പകര്‍ന്നു തന്ന ധൈര്യമാണ് ആ ഘട്ടത്തില്‍ എന്നെയും ജ്വാലയെയും തളരാതെ പിടിച്ചു നിര്‍ത്തിയത്. അത്തരം ആയിരക്കണക്കിന് സുമനസ്സുകളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉള്ളപ്പോള്‍ ജ്വാല എന്തിന് ഭയപ്പെടണം..???

ഇപ്പോഴിതാ ജ്വാലയ്ക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ല എന്ന് മനസ്സിലാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ് എന്ന് പത്രവാര്‍ത്തകളിലൂടെ അറിയുന്നു. എത്രവലിയ പാത്രം കൊണ്ട് മൂടിയാലും സത്യം ഒരുനാള്‍ വെളിയില്‍ വരിക തന്നെ ചെയ്യും. അതിനൊപ്പം തന്നെ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരളഘടകത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹയായി എന്ന വിവരവും പത്രങ്ങളിലൂടെ തന്നെ അറിയുന്നു. അണയ്ക്കാന്‍ എറിഞ്ഞ വസ്തുക്കള്‍ തീയിനെ ജ്വലിക്കാന്‍ എങ്ങനെ സഹായിക്കുന്നു എന്നത് വീണ്ടും തെളിവാകുന്നു.

സമൂഹം എത്രത്തോളം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു എന്ന് മനസ്സിലാക്കാന്‍ സഹായിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞു പോയത്. അതില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ഉണ്ടായിരുന്നു. . സംഘടിതമായ അപവാദപ്രചരണം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ചിന്താഗതിയെ എത്രത്തോളം സ്വാധീനിക്കാം എന്നതിന്റെ ഉദാഹരണം മാത്രമാണ് നിങ്ങള്‍. പ്രചാരണം അഴിച്ചുവിട്ടവരോടും പരാതിയില്ല. കാരണം നിങ്ങള്‍ ജ്വാലയെ എറിഞ്ഞ ഓരോ കല്ലും ഇപ്പോള്‍ പൂമാലയായി ജ്വാലയ്ക്ക് മുന്നില്‍ വീഴുകയാണ്.

അവാര്‍ഡില്‍ സന്തോഷമുണ്ട് എങ്കിലും അമിതാഹ്ലാദം ഇല്ല. ഓരോ ബഹുമതിയും ജ്വാലയുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വവും വര്‍ധിപ്പിക്കുകയാണ്. ചെയ്തു തീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് ഓരോ അവാര്‍ഡും. ജ്വാല അതിനുള്ള ശ്രമങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനുള്ള പ്രേരകശക്തിയാകട്ടെ ജ്വാലയെ സ്നേഹിക്കുകയും അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്ത, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന, ഓരോ സുമനസ്സുകളുടെയും പ്രാര്‍ത്ഥനയും…

shortlink

Related Articles

Post Your Comments

Related Articles


Back to top button