Latest NewsKeralaNews

മത്സ്യബന്ധനത്തിനായി പോയ ബോട്ടുകള്‍ തുടര്‍ച്ചയായി വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെട്ടു: തീരദേശ മേഖല ആശങ്കയില്‍

കൊച്ചി: ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോയ ബോട്ടുകള്‍ തുടര്‍ച്ചയായി വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെട്ടതോടെ തീരദേശ മേഖല ആശങ്കയില്‍. ഒമാനില്‍ പിടിക്കപ്പെട്ട ബോട്ടിലെ യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നുവെങ്കിലും പാക്കിസ്ഥാനില്‍ പിടിക്കപ്പെട്ട ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര- സംസ്ഥാന സേനകള്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ ആശങ്കയിലാണ് തീരദേശ മേഖല. ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നത്.

കന്യാകുമാരി സ്വദേശികളായ 10 പേരുമായി തോപ്പുംപടി ഫിഷിങ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ട് ഒമാനില്‍ പിടിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് കൊച്ചിയില്‍ നിന്നും പുറപ്പെട്ട ബോട്ട് പാക്കിസ്ഥാനില്‍ പിടിക്കപ്പെട്ടതായും വിവരം ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൊച്ചി ഉള്‍പ്പെടെയുള്ള കേരള തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളാണ്. ഇവരില്‍ പലര്‍ക്കും വ്യക്തമായ ഐഡി കാര്‍ഡോ, അഡ്രസോ പോലുമില്ല.

വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ തന്നെ ഇവര്‍ക്ക് വേണ്ടി ആരും രംഗത്തിറങ്ങാത്തതും പ്രതിസന്ധിയാണ്. അതേസമയം ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്. ബോട്ടുകളില്‍ ജിപിഎസ് ഘടിപ്പിച്ചാല്‍ ഒരു പരിധിവരെ ഇത്തരം പ്രതിസന്ധി ഇല്ലാതാക്കാനാകും. എന്നാല്‍ ഇതിനു ബോട്ട് ഉടമകളുടെ സഹകരണം ലഭിക്കുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെടുന്നത് പുതിയ സംഭവമല്ല.

ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഒമാന്‍, യെമന്‍ തീരങ്ങളില്‍ മുന്‍പും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ മത്സ്യത്തൊഴിലാളികളാണെങ്കില്‍ അതിര്‍ത്തി കടത്തി വിടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നയതന്ത്ര ബന്ധങ്ങളിലെ മാറ്റങ്ങളെ തുടര്‍ന്ന് പല രാജ്യങ്ങളും കസ്റ്റഡിയിലാകുന്നവരെ തിരിച്ചയക്കാതെ തടവുകാരാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ വിവിധ രാജ്യങ്ങളില്‍ തടവില്‍ പാര്‍ക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button