അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനെന്ന് ചോദിച്ച നടൻ ജോയ് മാത്യുവിനെതിരെ പരിഹാസവുമായി സംവിധായകൻ ഡോ. ബിജു. അന്ന് തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയില്ലെന്ന് പറഞ്ഞ് ജൂറിയംഗമായ തന്നെ ഫോണില്‍ വിളിച്ച് തെറി പറയുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത ആളാണ് താന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന് പറയുന്നതെന്നാന്നായിരുന്നു ബിജുവിന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2012ല്‍ താന്‍ ജൂറി അംഗമായിരിക്കെ അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം രാത്രി തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന് ഈ സംവിധായകന്‍ തന്നെ ഫോൺ വിളിച്ച് തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബിജു പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടന്‍. ഇന്നലെ അവാര്‍ഡ്ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവര്‍ത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം…. സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം… കാര്യം മറ്റൊന്നുമല്ല.
2012ല്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇതേ ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോൺ വെച്ചത്… അല്ല ഞാന്‍ ഫോൺ കട്ട് ചെയ്യുകയായിരുന്നു… എന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു… തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും… ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം..
Post Your Comments