വിസ്മയങ്ങള്‍ തേടി യാത്ര ചെയ്യുന്നവരെ എന്തുകൊണ്ടും തൃപ്തിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ബദാമി. കർണാടകയിലെ ഹൂബ്ലിയില്‍ നിന്നും നൂറുകിലോമീറ്ററലധികം പിന്നിട്ട് ബീജാപ്പൂര്‍ ഹൈവേയിലൂടെയായിരുന്നു ബദാമിയിലേക്കുള്ള യാത്ര. പുതുക്കിയ പാതയിലെ ടോള്‍ബൂത്തുകള്‍ പിന്നിട്ട് തിരക്കൊഴിഞ്ഞ റണ്‍വേയിലൂടെ ബഹുദൂരം. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക്. കക്കിരിയും ചോളവുമെല്ലാം താലത്തിലാക്കി വില്‍പ്പന നടത്തുന്ന സ്ത്രീകളുടെ സംഘങ്ങള്‍ , തുറന്നു വെച്ച ചില പെട്ടികള്‍ക്കടകൾ ചെറിയ തണലുകളില്‍ വിശ്രമിക്കുന്ന വണ്ടിക്കാളകള്‍. ഇവയെല്ലാം പിന്നിട്ട് ഒരു കുന്നിറങ്ങി വിശാലമായ ഗ്രാമത്തിലേക്ക് എത്തുന്നു.
ദൂരെ നിന്നും നോക്കുമ്പോള്‍ ഒരു ക്രിക്കറ്റ് മൈതാനവും അതിനെ അതിരിടുന്ന ഗാലറിയും പോലെ മലനിരകള്‍. പേരിനു പോലും വലിയ മരക്കൂട്ടങ്ങളും പച്ചപ്പും ഒന്നുമില്ലാത്ത ചുവന്ന ഭൂതലം. ദൂരക്കാഴ്ചയില്‍ ഇങ്ങനെയാണ് ദാമി. മധ്യ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ചരിത്രം അടയാളപ്പെടുത്തിയ ചാലൂക്യരുടെ ആസ്ഥാനം. ഇന്ത്യയെന്ന വൈവിധ്യത്തിന്റെ ഏറ്റവും പുരാതനമായ ഏടുകളിലൊന്നാണിത്.
മുന്‍പ് വാതാപി എന്ന് അറിയപ്പെട്ടിരുന്ന ബദാമിയിലെ പ്രധാന ആത്ഭുതം ചാലുക്യ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അവിടുത്തെ ഗുഹാക്ഷേത്രങ്ങള്‍ തന്നെയാണ്. പ്രധാനമായും 4 ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. സ്വര്‍ണനിറത്തിലുള്ള മണല്‍ക്കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയിലാണ് ബദാമി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പുരാനത ക്ഷേത്രനഗരങ്ങളില്‍ പ്രമുഖമാണ് ബദാമി. അഗസ്ത്യ തടാകത്തിന്റെ കരയിലായിട്ടാണ് ഇവിടുത്തെ ഗുഹാക്ഷേത്രങ്ങളെല്ലാമുള്ളത്. കര്‍ണാടകയിലെ ബംഗല്‍ക്കോട്ട് ജില്ലയിലാണ് ബദാമിയുടെ സ്ഥാനം. ബദാമിയിലേക്ക് യാത്ര പോകാം.
എപ്പോഴും സന്ധ്യാ വന്ദനം ചെയ്യുകയായിരുന്ന ബ്രഹ്മാവിന്റെ അരികിലെത്തി ഇന്ദ്രന്‍ ഒരു ആവശ്യം പറഞ്ഞു. ഉത്തമനായ ഒരു യോദ്ധാവിനെ വേണം. ആവശ്യപ്പെട്ടതുപ്രകാരം ബ്രഹ്മാവ് തന്റെ കൈക്കുടന്നയിലെ ജലത്തില്‍ നിന്നും ഒരു യോദ്ധാവിനെ സൃഷ്ടിച്ചു. ഇതായിരുന്നു ചാലൂക്യരുടെ പൂര്‍വ്വികന്‍. ഭൂമിയില്‍ ഇവര്‍ ഒരു സ്വര്‍ഗമുണ്ടാക്കി. അതാണ് ബദാമി. 1400 വര്‍ഷത്തിലധികം പഴക്കമുള്ള ബദാമിയിലെ ചുവന്ന് തുടുത്ത കൂറ്റന്‍ പാറതുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ ചാലൂക്യരുടെ പടയോട്ടം കാതുകളില്‍ ഇരമ്പുന്നു. കണ്ണാടി പോലെ മിനുസമായ കല്‍പ്പടവുകള്‍ കയറി ബദാമിയെ നൂറ്റാണ്ടുകള്‍ക്കിപ്പുറം സഞ്ചാരികള്‍ തൊട്ടറിയുന്നു.
പാറതുരെന്നെടുത്ത ക്ഷേത്രങ്ങള്‍
പാറതുരെന്നെടുത്ത ക്ഷേത്രങ്ങള്‍ എ ഡി 6, 7 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ബദാമിയിലെ ക്ഷേത്രങ്ങള്‍ ഇപ്പോഴും ഒരു അത്ഭുതം തന്നെയാണ് ചെങ്കുത്തായി നില്‍ക്കുന്ന കൂറ്റാന്‍ പാറക്കൂട്ടങ്ങള്‍ തുരന്നാണ് ഇവിടുത്തെ ഗുഹാക്ഷേത്രങ്ങള്‍ പണിതിട്ടുള്ളത്. ചാലുക്യരുടെ നിര്‍മ്മാണ വൈഭവത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗുഹാക്ഷേത്രങ്ങള്‍.
ചാലുക്യരുടെ നിര്‍മ്മാണ വൈഭവം
ചാലുക്യരുടെ നിര്‍മ്മാണ വൈഭവം വിജയനഗര സാമ്രാജ്യത്ത കാലത്തെ വാസ്തുവിദ്യയുടെ പൂര്‍ണ അനുകരണമാണ് ബദാമിയിലെ ക്ഷേത്ര നിര്‍മ്മിതികളിലും കാണാന്‍ സാധിക്കുന്നത്. പാറതുരന്ന് നിര്‍മ്മിച്ച ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങള്‍ ഇന്ത്യയിലെ തന്നെ സുന്ദരമായ നിര്‍മ്മിതികളില്‍ ഒന്നാണ്. ഗുഹളുടെ ഉള്‍വശം സങ്കീര്‍ണമായ കൊത്തുപണികളാല്‍ സമൃദ്ധമാണ്.
ബദാമിയിലെ കൂടുതല്‍ കാഴ്ചകള്‍
ഗുഹാക്ഷേത്രങ്ങള്‍ കൂടാതെ വടക്കുഭാഗത്തുള്ള കുന്നില്‍ മൂന്ന് ശിവക്ഷേത്രങ്ങളുമുണ്ട്. ഇതില്‍ മലേഗട്ടി ശിവാലയമാണ് ഏറ്റവും പ്രശസ്തമായത്. ഭൂതനാഥ ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്രം, ദത്താത്രേയ ക്ഷേത്രം എന്നിവയാണ് മറ്റുക്ഷേത്രങ്ങള്‍. ഒട്ടേറെ ക്ഷേത്രങ്ങളുള്ള ഒരു കോട്ടയുമുണ്ട് ബദാമിയില്‍.
കാലം ഒരുക്കിയ അത്ഭുതങ്ങളിലേക്കുള്ള കവാടം
ചരിത്രപ്രാധന്യമുള്ള മറ്റ് സ്ഥലങ്ങളിലേക്കുള്ള കവാടം കൂടിയാണ് ബദാമി. ബദാമിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയായാണ് യുനെസ്കോ വേള്‍ഡ് ഹെറിട്ടേജ് സൈറ്റായ പട്ടടയ്ക്കല്‍ സ്ഥിതി ചെയ്യുന്നത്. ബദാമിക് സമീപത്തുള്ള ചരിത്ര പ്രാധാന്യമുള്ള മറ്റൊരു സ്ഥലമാണ് ഐഹോളെ.
Post Your Comments