മഴയിൽ നനഞ്ഞ് സ്കൂളിൽ പോയിരുന്ന കാലത്തേ നമ്മൾ പഠിച്ച് വച്ച ഒരു കാര്യമുണ്ട്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സ്ഥലം ചിറാപുഞ്ചി. അതുകൊണ്ടുതന്നെ ചിറാപുഞ്ചി എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ മഴപെയ്ത് തുടങ്ങും.അതിനപ്പുറം അന്ന് നമുക്ക് ചിറാപുഞ്ചിയേക്കുറിച്ച് വല്ലതും അറിയുമായിരുന്നോ?
വിജ്ഞാന ദാഹികളായ ചിലരൊക്കെ പലതും പഠിച്ചുവച്ചിട്ടുണ്ടാകാം. പക്ഷെ പലർക്കും ചിറാപുഞ്ചിയുടെ പ്രകൃതി സൗന്ദര്യത്തേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. എപ്പോഴും മഴകണ്ട് ശീലിച്ചിട്ടുള്ള മലയാളികളായ നമുക്ക് ചിറാപുഞ്ചിയിലെ മഴ ഒരു അത്ഭുതമായി തോന്നാറില്ല. എപ്പോഴും മഴപെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥലം എന്നാല്ലാതെ നമ്മുടെ കേട്ടറിവുകളിൽ ചിറാപുഞ്ചി ഒരു വിസ്മയമേ ആയിരുന്നില്ല. പക്ഷെ ചിറാപുഞ്ചി ഒരു വിസ്മയമായി തോന്നണമെങ്കിൽ അവിടെ നമ്മൾ പോകണം.
എലിഫന്റ് ഫാൾസ്
ഷില്ലോങിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചിറാപുഞ്ചിയിലേക്കുള്ള യാത്രയിൽ നിങ്ങൾക്ക് ഈ വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാം. ചിറാപുഞ്ചിയിലേക്ക് എലിഫന്റ് ഫാൾസിൽ നിന്ന് ചിറാപുഞ്ചിയിലേക്കുള്ള ദൂരം 43 കിലോമീറ്റർ ആണ്. ഈ വഴിയിൽ നിങ്ങളെ കാത്ത് ഇനിയും ധാരളം വെള്ളച്ചാട്ടങ്ങളുണ്ട്.മഴയുടെ കാര്യത്തിൽ റെക്കോർഡിട്ട ചിറാപുഞ്ചിയിൽ എത്തുമ്പോൾ, ഒരു പക്ഷെ ചെറിയ ചാറ്റൽ മഴ നിങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടാകാം.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. വർഷം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് കാരണം. ചിറാപുഞ്ചിയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഏഴു സഹോദരിമാർ
ചിറാപുഞ്ചിയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് മറ്റൊരു പ്രശസ്തമായാ വെള്ളച്ചാട്ടമായ സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചിറാപുഞ്ചിയിലേക്കുള്ള പാതയില്‍ മവ്സ് മയി ഗ്രാമത്തിനടുത്തുള്ള ഈ വെള്ളച്ചാട്ടം മേഘാലയയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്.
മഴയ്‌ക്കൊപ്പം ഗുഹയിൽ കയറാം
മവ്സ് മയി എന്ന സ്ഥലത്ത് എത്തിയാൽ മറക്കാൻ \കഴിയാത്ത ഒന്ന് അവിടുത്തെ ഗുഹയാണ്. ആർക്കും നിർഭയം കയറി ചെല്ലാൻ സാധിക്കും എന്നതാണ് ഈ ഗുഹയുടെ പ്രത്യേകത. സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു മാസ്മരികത ചിറാപുഞ്ചി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതാണ് അവിടെയെത്തുമ്പോൾ നമ്മൾ വിസ്മയിക്കാൻ കാരണം.
Post Your Comments