Latest NewsKeralaNews

വളരെയധികം ബുദ്ധിയുള്ളവരെന്നഭിമാനിക്കുന്ന കേരളത്തിലെ വോട്ടർമാർ യഥാർത്ഥത്തിൽ മണ്ടന്മാർ : ശ്രീനിവാസൻ

കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ വളരെയധികം ബുദ്ധിയുള്ളവരാണെന്ന് ഒരു പറച്ചിലുണ്ട് എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരാണെന്നും കേരളത്തിലേതുപോലെ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം..പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം അധികാരത്തിലേറിയുള്ള ഭരണം. അപ്പോള്‍ ആവശ്യമുള്ളത് അഴിമതി കാണിച്ച്‌ സമ്പാദിച്ചു വെക്കും. പിന്നെ അഞ്ചുവര്‍ഷം വിശ്രമജീവിതം. വിശ്രമ ജീവിതകാലത്ത് അല്ലറ ചില്ലറ സമരങ്ങളും ചെറിയ രീതിയിലുള്ള ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവര്‍ക്കുറപ്പാണ് അങ്ങനെ രണ്ട് മുന്നണികളും വോട്ടര്‍മാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു-

സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. ജനാധിപത്യം കുറച്ചുനാള്‍ കഴിയുമ്ബോള്‍ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. സിനിമയ്ക്ക് സമൂഹത്തെ തിരുത്താനുള്ള കഴിവുണ്ടോ എന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഗാന്ധിജി പറഞ്ഞതു കേള്‍ക്കാത്തവരാണ് നമ്മള്‍.

അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും . മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. തനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button