Latest NewsKeralaNewsGulf

ഷാര്‍ജയിലെ മലയാളി പെണ്‍വാണിഭ രാജ്ഞി സൗദ ബീവി അന്തരിച്ചു

പത്തനംതിട്ട•രാജ്യത്തെ നടുക്കിയ ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശിനി സൗദ ബീവി അന്തരിച്ചു. 53 വയസായിരുന്നു. ചൊവ്വാഴ്ച കുലശേഖരപതിയിലെ വീട്ടിലായിരുന്നു അന്ത്യം. മരണവിവരം ബന്ധുക്കള്‍ പോലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിച്ചില്ല. ഇന്നലെ വൈകിട്ടോടെ തന്നെ അവരുടെ മൃതദേഹം ഖബറടക്കുകയും ചെയ്തു.

കേരളത്തില്‍ നിന്ന് 300 ലധികം പെണ്‍കുട്ടികളെ ഷാര്‍ജയിലേക്ക് കടത്തി വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ പെണ്‍കുട്ടികളെ യു.എ.ഇയിലേക്ക് കടത്തിയത്. കാസര്‍കോഡ് നീലേശ്വരം ആലമ്പാടി ചാലക്കര സ്വദേശി സി.ഡി അഹമ്മദ്(50), സൗദയുടെ മകള്‍ ഷെമിയ (റാണി) (35) എന്നിവരായിരുന്നു ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍.

ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട കുലശേഖരപതി സ്വദേശിയായ യുവതി 2007 ല്‍ പത്തനംതിട്ട പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. സൗദയുടെ സഹോദരന്റെ അടുപ്പക്കാരായിരുന്ന അന്നത്തെ ചില ഉദ്യോഗസ്ഥര്‍ കേസ് എടുത്തില്ല. ഷാര്‍ജയില്‍ നടന്ന കുറ്റത്തിന് കേസ് എടുക്കാന്‍ തങ്ങള്‍ക്ക് വകുപ്പില്ലെന്നായിരുന്നു ഇവരുടെ വാദം. പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് രാജ്യത്തെ ഞെട്ടിച്ച പെണ്‍വാണിഭം പുറംലോകമറിയുന്നത്. പൊലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി ഐജിയായിരുന്ന പത്മകുമാറിനോട് അന്വേഷണ മേല്‍നോട്ടം വഹിക്കാന്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു.

ഡിവൈഎസ്പിയായിരുന്ന വി അജിത്തിന് അന്വേഷണ ചുമതലയും കൈമാറി. മുഖം രക്ഷിക്കുന്നതിന് വേണ്ടി അന്നത്തെ പത്തനംതിട്ട ഇന്‍സ്‌പെക്ടര്‍ ആര്‍ ബിനു, എസ്‌ഐമാരായ ജി സന്തോഷ്‌കുമാര്‍, സുജാത എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം, കേസ് വൈകിപ്പിച്ചതിലെ പ്രധാന കാരണക്കാരനായ മുന്‍ ഇന്‍സ്‌പെക്ടര്‍ സുധാകരന്‍പിള്ളയ്ക്ക് എതിരായ അന്വേഷണം വകുപ്പു തലത്തില്‍ മാത്രം ഒതുക്കി. സസ്‌പെന്‍ഷന്‍ ഉണ്ടായതുമില്ല. ഒടുവില്‍ 2011 ജൂണ്‍ 11 ന് സൗദ പത്തനംതിട്ട പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

2013 സെപ്റ്റംബര്‍ ഏഴിന് പത്തനംതിട്ട അതിവേഗ കോടതി സൗദയ്ക്കും അഹമ്മദിനും അഞ്ചു വര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഷെമിയയ്ക്ക് മൂന്നു വര്‍ഷം തടവാണ് വിധിച്ചത്. കൊട്ടാരക്കര വനിതാ ജയിലിലാണ് സൗദയെ പാര്‍പ്പിച്ചിരുന്നത്. സോളാര്‍ കാലത്ത് സരിതയ്‌ക്കൊപ്പമാണ് സൗദ ജയിലില്‍ കഴിഞ്ഞത്. അതിന്റെ സൗഹൃദം പുതുക്കാന്‍ വേണ്ടി സരിത പിന്നീട് സൗദയെ കാണാന്‍ എത്തിയതും വാര്‍ത്തയായിരുന്നു. അസാധാരണ നടപടികളായിരുന്നു സൗദയുടെ കേസില്‍ സംഭവിച്ചത.

വിദേശത്ത് നടന്ന കുറ്റകൃത്യത്തില്‍ കേരളത്തില്‍ ആദ്യമായി വിചാരണ പൂര്‍ത്തിയാക്കിയ സംഭവമായിരുന്നു ഇത്. വിചാരണ വേളയില്‍ അഞ്ചാം സാക്ഷിയും പത്തനംതിട്ട അക്ബര്‍ ട്രാവല്‍സ് എം.ഡിയുമായ അബ്ദുല്‍ നാസര്‍, ആറാം സാക്ഷി അക്ബര്‍ ട്രാവല്‍സിലെ ജീവനക്കാരന്‍ അജി ഖാന്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നിലപാടിനെതിരായി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്കെത്തിച്ച ദുബൈയിലെ പീപ്പിള്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹിയായ ഹക്കീംഷാ കേസിന്റെ വിസ്താരത്തിനായി നാട്ടിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ഇതാണ് നിര്‍ണായകമായത്.

പരാതിക്കാരിയായ യുവതിയെ 2007ല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിയ്‌ക്കെന്നു പറഞ്ഞാണ് സൗദ ഷാര്‍ജയിലേക്ക് കടത്തുന്നത്. എന്നാല്‍ അവിടെവച്ച് പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. ഇവിടെ നിന്നും വിദേശ മലയാളി സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം അട്ടിമറിക്കുകയും എഫ്‌ഐആറില്‍ കൃത്രിമം കാട്ടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സൗദ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button