ന്യൂഡല്‍ഹി : ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം ആകെ പിടിച്ചെടുത്തത് 1,43,296 വ്യാജ നോട്ടുകളാണ്; ഇവയുടെ ആകെ മൂല്യം 12,98,72,760 രൂപ.
വ്യാജനില്‍ മുന്നില്‍ നില്ക്കുന്നതു 100 രൂപയുടെ നോട്ടുകളാണ്. 13,659 നൂറു രൂപ വ്യാജനോട്ടുകള്‍ കണ്ടെത്തിയപ്പോള്‍ 3,822 അഞ്ഞൂറു രൂപ കള്ളനോട്ടുകളും പിടിച്ചെടുത്തു. രണ്ടായിരം രൂപയുടെ 5,983 എണ്ണവും ഇരുന്നൂറു രൂപയുടെ 533 എണ്ണവും മൂന്നു മാസത്തിനുള്ളില്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ ഉള്‍പ്പെടുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖ പ്രകാരം ഏറ്റവും കൂടുതല്‍ കള്ളനോട്ടു പിടിച്ചെടുത്തത് ഉത്തര്‍പ്രദേശിലാണ്. 11 കോടിയോളം രൂപ മൂല്യം വരുന്ന 1,07,480 വ്യാജ നോട്ടുകളാണു ഉത്തര്‍പ്രദേശില്‍ നിന്നു പിടിച്ചെടുത്തത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണു രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്ന് ഒരു കോടി 13 ലക്ഷം രൂപ മൂല്യമുള്ള 19,768 നോട്ടുകളാണു കണ്ടെത്തിയത്. ഗുജറാത്ത്, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
മൂന്നു മാസത്തെ കള്ളനോട്ടു പട്ടികയില്‍ കേരളം ആറാം സ്ഥാനത്താണ്. മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 16 ലക്ഷത്തോളം രൂപ മൂല്യം വരുന്ന 1454 കള്ളനോട്ടുകളാണു പിടിച്ചെടുത്തത്. ഇതില്‍ 694 എണ്ണം രണ്ടായിരം രൂപയുടേതാണ്. അഞ്ഞൂറു രൂപയുടെ 276 നോട്ടുകളും 100, 200 നോട്ടുകളുടെ ഇരുന്നൂറു വീതം വ്യാജന്മാരെയും കണ്ടെടുത്തു. കേരളത്തില്‍ വ്യാജനോട്ടുകളുമായി ബന്ധപ്പെട്ടു 11 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്താകെ റജിസ്റ്റര്‍ ചെയ്തതു 119 കേസുകളാണ്. 110 പേരെ അറസ്റ്റും ചെയ്തു.
Post Your Comments