ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ ഖഫീല്‍ അഹമ്മദ് ഖാനിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായി ഓടിനടന്ന ഖഫീലിനെ യോഗി സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ജയിലിലടയ്ക്കുകയുമായിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ഖഫീല്‍ ഖാനെ സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബത്തെ ആലിംഗനം ചെയ്ത ഖഫീല്‍ ഖാന്റെ നിയന്ത്രണം പോയത് സ്വന്തം മകളെ കണ്ടപ്പോഴായിരുന്നു. തന്റെ ഭാവി ഇനി യോഗി ആദിത്യനാഥിന്റെ കൈകളിലാണെന്നും അധികാര വര്‍ഗം കയ്യൊഴിഞ്ഞും കൈകഴുകിയും നോക്കിനിന്നപ്പോള്‍ ജീവന്റെ വിലയറിഞ്ഞ് കുറച്ച് കുരുന്നു ജീവനുകള്‍ക്ക് ജീവശ്വാസം പകര്‍ന്നതാണോ താന്‍ ചെയ്ത തെറ്റ് എന്നും നെഞ്ച് പൊട്ടി ഖഫീല്‍ ഖാന്‍ ചോദിച്ചപ്പോള്‍ പലര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ കയറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഖഫീല്‍ പറഞ്ഞു.
also Read : ഖഫീല്‍ ഖാനെതിരെ വധശ്രമത്തിന് കേസ്
ബാബാ രാഘവ് ദാസ്(ബി ആര്‍ ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂപ്പതിലേറെ കുട്ടികള്‍ ഒറ്റ ദിവസം ശ്വാസം കിട്ടാതെ മരിക്കാനിടയായ സമയത്ത് ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി ഓടി നടന്നു, സ്വന്തം കീശയില്‍ നിന്ന് കാശെടുത്തു നല്‍കി ഓക്സിജന്‍ സിലിണ്ടറെത്തിച്ച ഡോ.ഖഫീല്‍ ഖാന്‍ ഏഴു മാസത്തിലേറെയായി ഇരുമ്പഴിക്കുള്ളിലാണ്. സംഭവത്തിനു പിന്നാലെ സര്‍ക്കാര്‍ ഖഫീല്‍ഖാനെ സസ്പെന്‍ഡ് ചെയ്യുകയും വൈകാതെ കുറ്റമാരോപിച്ച് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുമായി പോലീസുമെത്തുകയായിരുന്നു.
Post Your Comments