തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ അറസ്റ്റ് വൈകുമെന്ന് സൂചന. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതെന്നാണ് ഇപ്പോള്‍ വരുന്ന സൂചന. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് അന്വേഷണസംഘം പറയുന്നത്. അതേസമയം സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്ന് യോഗ പരിശീലകന് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് സാഹചര്യത്തെളിവുകള്‍ ഉള്ളത്. ഇവരെയും ലിഗയെയും കോവളത്ത് ഒരുമിച്ച് കണ്ടവരുമുണ്ട്. പൊന്തല്‍കാട്ടിലേക്ക് വിദേശവനിത പോയത് കണ്ട ചില പരിസരവാസികളുമുണ്ട്.
എന്നാല്‍ ശാസ്ത്രീയ പരിശോധനഫലങ്ങളിലൂടെ മാത്രമെ കസ്റ്റഡിയിലുള്ളവരാണ് കൊല ചെയ്തതെന്ന് സ്ഥിരീകരിക്കാനാകൂ. ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും വിരലടയാള റിപ്പോര്‍ട്ടുമടക്കമുള്ള ഫൊറന്‍സിക് ഫലങ്ങളാണ് പോലീസ് കാത്തിരിക്കുന്നത്. അതോടൊപ്പം ബോട്ടില്‍ നിന്ന് ലഭിച്ച വിരലടയാളത്തെ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ട്.
ഇതെല്ലാം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ അറസ്റ്റുണ്ടാകു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലിഗയെ കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയും അന്വേഷണ സംഘം മൃതദേഹം കണ്ട സ്ഥലത്തിന് സമീപത്തെ കരമനയാറ്റില്‍ തിരച്ചില്‍ നടത്തി. പ്രദേശ വാസികളായ മുങ്ങല്‍ വിദഗ്ദ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഫൈബര്‍ ബോട്ടുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു പുഴയില്‍ മുങ്ങിത്തപ്പിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
Post Your Comments