അവധിക്കാല യാത്രയ്ക്ക് ഈ സ്ഥലത്ത് പോകുന്നവർ പണമോ രേഖയോ കൈയിൽ സൂക്ഷിക്കുക. കുടുംബത്തോടൊപ്പം അഞ്ചോ പത്തോ ദിവസം യാത്ര ചെയ്ത് അടിച്ചു പൊളിക്കാൻ കർണ്ണാടക തിരഞ്ഞെടുത്തിരിക്കുകയാണോ?. എങ്കിൽ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ രേഖകൾ എടുക്കാൻ മറക്കരുത്.
കർണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നു കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലി മുന്നറിയിപ്പു നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്താൽ കൃത്യമായ രേഖകൾ നൽകിയാൽ സാധാരണ രീതിയിൽ തിരിച്ചു നൽകാറുണ്ട്. എന്നാൽ വഴിച്ചെലവിനുള്ള പണം തൽക്കാലം കയ്യിൽ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങൾക്കുള്ള പണം അതാതു സമയത്തു പിൻവലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുയോ ചെയ്യാം.
പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ അനധികൃതമായി കൈവശം വെക്കുന്ന പണം പിടിച്ചെടുക്കാനിടയുണ്ട്. മേയ് 12നാണു കർണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കർണ്ണാടക സന്ദർശിക്കാൻ പോകാറുള്ളത്.
കുടക്, മൈസൂർ, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങൾ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. വിനോദസഞ്ചാരത്തിനു പുറമേ വ്യാപാരികളും നിരന്തരം കർണ്ണാടകയെ ആശ്രയിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കു പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കർണ്ണാടകയോടു ചേർന്നു കിടക്കുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വ്യാപാരികളാണു കൂടുതലായും വ്യാപാര ആവശ്യങ്ങൾക്കായി കർണ്ണാടകയിലേക്കു പോകുന്നത്.
Post Your Comments