കോട്ടയം: ഹൗസ് സർജന്റെ മുറിയിൽ രോഗിയുടെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സർജന്റെ മുറിയിലാണ് സംഭവം അരങ്ങേറിയത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ പെഡസ്ട്രിയൽ ഫാൻ കാൽതട്ടി മറിയുകയായിരുന്നു. ആ ശബ്ദം കേട്ടു സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതിനാൽ അത്യാഹിതം ഒഴിവായി. സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു.
കുറുമ്പനാടം സ്വദേശിയാണ് ഇദ്ദേഹം. പുലർച്ചെ മൂന്നു മണിയോടെ അയൽവീട് ആക്രമിച്ചെന്ന പരാതിയെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണു പൊലീസ് ജനറൽ ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല.
read also: ഷാര്‍ജയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് ചാടി യുവതിയുടെ ആത്മഹത്യാശ്രമം
ജനറൽ ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗം ഡോക്ടർ ഇല്ലാത്തതിനെ തുടർന്നു മരുന്നുകളും നൽകിയില്ല. ബന്ധുക്കൾ മാനസികാസ്വാസ്ഥ്യമുള്ള രോഗികൾക്കൊപ്പം ഇല്ലെങ്കിൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചേ മെഡിക്കൽ കോളജിലേക്കു മാറ്റാനും ചികിൽസ നൽകാനും കഴിയൂ. എന്നാൽ പൊലീസ് രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങിയതോടെ ആശുപത്രി ജീവനക്കാരും വെട്ടിലായി. ഇതോടെ രോഗിയെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാക്കി.
മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് എട്ടു മണിയോടെ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി മുറിയിൽ കയറിയ ഇയാൾ ബെഡ്ഷീറ്റ് ഉപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന പെഡസ്ട്രിയൽ ഫാൻ കയറുന്നതിനിടെ കാൽതട്ടി മറിഞ്ഞു വീണു. ശബ്ദം കേട്ടു സുരക്ഷാ ഉദ്യോഗസ്ഥരെത്തി കതകു ചവിട്ടിത്തുറന്ന് ഇയാളെ ബലം പ്രയോഗിച്ചു താഴെയിറക്കുകയായിരുന്നു.
Post Your Comments