കണ്ണൂർ : കിഴക്കൻ മലയോരത്ത് വനത്തിൽ പോലീസ് പട്രോളിങ് സംഘത്തിന് നേരെ മാവോവാദികൾ വെടിയുതിർത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. ചൊവ്വാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ നിലവിൽ നൽകുന്ന സുരക്ഷയ്‌ക്ക് പുറമേ കാസർകോട്ടുനിന്നും കോഴിക്കോട്ട് നിന്നും 25 പോലീസുകാരെ വീതം അധികമായി നിയമിച്ചിരുന്നു.
ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ഡിവൈ.എസ്.പി. മാരെയും നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. വരുംദിവസങ്ങളിലും കനത്ത സുരക്ഷ ഒരുക്കും. എന്നാൽ, അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടില്ലെന്ന് സുരക്ഷാവിഭാഗം വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി 8.30-ഓടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നും കാർ മാർഗം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷം ചൊവ്വാഴ്ച നഗരത്തിൽ മൂന്ന് പരിപാടിയിൽ പങ്കെടുത്തു. മൂന്നരയോടെ വിമാനത്തിൽ തിരുവന്തപുരത്തേക്ക് തിരിച്ചു.
Post Your Comments