ബെംഗളൂരു: ‘പരീക്ഷണ വോട്ടിങ് യന്ത്രം’ നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് പുതിയ ‘പരീക്ഷണം’. പുതിയ തരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ(ഇവിഎം) അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിടത്തു പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും.
കർണാടകയിലെ ഏഴു മണ്ഡലങ്ങളിൽ പരീക്ഷിക്കുക മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങൾ എന്നറിയപ്പെടുന്ന ‘എം–3’ മോഡലാണ്. നിലവിലെ എം–2 മോഡലിനേക്കാൾ കനത്ത സുരക്ഷയാണ് എം–3യിൽ ഒരുക്കിയിരിക്കുന്നതെന്നും കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജിവ് കുമാർ പറഞ്ഞു. ഇതു വിജയിച്ചാൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവനും എം–3 യന്ത്രങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
read also: പൊതുശൗചാലയങ്ങളുടെ വൃത്തി മനസ്സിലാക്കാന്‍ വോട്ടിങ് യന്ത്രം
മേയ് 12ലെ വോട്ടെടുപ്പിനു പുതിയ യന്ത്രങ്ങൾ പരീക്ഷിക്കുക ബെംഗളൂരു സെൻട്രലിലെ രാജരാജേശ്വരി നഗർ, ശിവാജി നഗർ, ശാന്തി നഗർ, ഗാന്ധി നഗർ, രാജാജി നഗർ, ചാമരാജ്പേട്ട്, ചിക്ക്പേട്ട് മണ്ഡലങ്ങളിലായിരിക്കും. തിരഞ്ഞെടുപ്പിനായി വോട്ടിങ് യന്ത്രത്തിന്റെ ഭാഗമായ 2710 ബാലറ്റിങ് യൂണിറ്റും 2260 കൺട്രോൾ യൂണിറ്റുകളും ഒപ്പം 2350 വിവിപാറ്റ് (വോട്ടുരസീത്) യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.
ബെംഗളൂരുവിലേക്ക് യന്ത്രങ്ങളെല്ലാം എത്തിച്ച് ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിക്കഴിഞ്ഞു. ബെംഗളൂരുവിൽത്തന്നെ എം–3 പരീക്ഷിക്കാൻ തീരുമാനിച്ചത് രാജ്യത്തിന്റെ ഐടി ഹബ് എന്നറിയപ്പെടുന്നതിനാലും പുതിയ യന്ത്രങ്ങൾ നിർമിച്ച സ്ഥലമെന്ന പരിഗണനയിലുമാണ്.
Post Your Comments