ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം തള്ളിയ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസും മറ്റ് ആറ് പ്രതിപക്ഷ പാര്‍ട്ടികളും കൊണ്ടു വന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് വൈസ്-പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ വെങ്കയ നായിഡു തളളിയിരുന്നു. വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇംപീച്ച്‌മെന്റ് നീക്കം തള്ളിയത്. ഇതോടെയാണ് മമത വിഷയത്തില്‍ രൂക്ഷപ്രതികരണം നടത്തിയിരിക്കുന്നത്.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ മമത കോൺഗ്രസിനെ വിമർശിച്ചു.” യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധിയോടും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോടും താന്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി സംസാരിച്ചിരുന്നു. ഇംപീച്ച്‌മെന്റ് നീക്കത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. കൂടുതൽതെളിവുകൾ ശേഖരിക്കാതെ ഇംപീച്ച്മെന്റ് നീക്കം പാടില്ലെന്നും താൻ നിർദ്ദേശിച്ചിരുന്നു. കൂടാതെ ഭൂരിപക്ഷം ഇല്ലാത്ത പ്രശ്നവും താൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ തന്റെ എതിര്‍പ്പിനെ ആരും വകവച്ചില്ല.” മമത പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസും മമതക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. മമതയുടെ നീക്കം ബിജെപിക്ക് അനുകൂലമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. എല്ലായ്‌പ്പോഴും ബിജെപിയെ സന്തോഷിപ്പിക്കാന്‍ മമത ശ്രമിക്കുന്നു. മോദിയുടെയും അമിത് ഷായുടെയും കാലില്‍ തൊട്ടു തൊഴാനും അവര്‍ തയാറാണെന്നും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് ചീഫ് അഥീര്‍ രഞ്ജന്‍ ആരോപിച്ചു.
Post Your Comments