KeralaLatest NewsNews

ലിഗയുടെ മരണം കൊലപാതകം: അഞ്ചുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം•കോവളം വാഴമുട്ടത്ത് കണ്ടല്‍ കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ യുവതി ലിഗയുടെ മരണം കൊലപാതകമെന്ന് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിന് കൈമാറിയതായും ലിഗയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ്‌ ഇക്കാര്യം സ്ഥിരീകരിച്ചതായും ‘മംഗളം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

അതേസമയം, ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. വാഴക്കുളം കണ്ടല്‍ക്കാടുകള്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്തുനിന്നു വിട്ടുനില്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

READ ALSO : ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസി​​ന്റെ ഊര്‍ജിത തിരച്ചില്‍

ലിഗയ്ക്കൊപ്പം കണ്ടല്‍ കാടുകള്‍ക്കിടയില്‍ കടന്ന യുവാവിനെ കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ലിഗയ്ക്ക് ജിന്‍സ്‌, സിസേര്‍സ്‌ എന്നീ ബ്രാന്‍ഡ്‌ സിഗരറ്റുകള്‍ കോവളത്ത് നിന്ന് വാങ്ങി നല്‍കിയത് ഇയാളാണ്. ലിഗ ഇയാള്‍ എങ്ങനെ പരിചയപ്പെട്ടെന്നാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌. മരണ സമയത്ത് ലിഗ ധരിച്ചിരുന്ന ജാക്കറ്റ് വാങ്ങിയ കടയെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സ്ഥലപരിചയമില്ലാത്ത ലിഗ പകല്‍ പോലും മനുഷ്യര്‍ കയറാന്‍ മടിക്കുന്ന കണ്ടല്‍കാട്ടില്‍ എങ്ങനെയെത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വള്ളം ഉപയോഗിച്ചിട്ടില്ലെന്ന് കടത്തുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. വിദേശവനിത പൊന്തക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നു സമീപവാസിയായ സ്‌ത്രീ പറഞ്ഞതായി മീന്‍പിടിക്കാനെത്തിയ മൂന്നുയുവാക്കള്‍ പോലീസിന്‌ മൊഴിനല്‍കിരുന്നു. എന്നാല്‍ പോലീസിന് മൊഴി നല്‍കിയപ്പോള്‍ ഈ സ്ത്രീ മൊഴി മാറ്റി. വിദേശ വനിതയെ കണ്ടിട്ടില്ലെന്നാണു സ്‌ത്രീ പോലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button