KeralaLatest NewsNews

തപാല്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തപാല്‍ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. തപാല്‍ മേഖല മേയ്മുതല്‍ ഓണ്‍ലൈനിലേക്ക് മാറും. ജൂണോടെ രാജ്യത്തെ മുഴുവന്‍ തപാല്‍ ശൃംഖലയും ഓണ്‍ലൈനാക്കി മാറ്റാനാണ് തീരുമാനം. നിലവില്‍ ഒഡിഷ, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ സി.എസ്.ഐ. വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. സി.എസ്.ഐ. സംവിധാനത്തിലൂടെ തപാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകും. ജീവനക്കാരുടെ ക്ഷാമംനേരിടുന്ന തപാല്‍ മേഖലയ്ക്ക് ഇത് ആശ്വാസമാവും.

തപാല്‍ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റുന്ന കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍ (സി.എസ്. ഐ) സംസ്ഥാനത്ത് മേയില്‍ നിലവില്‍വരും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നോര്‍ത്ത്, തൃശ്ശൂര്‍, പാലക്കാട് എന്നീ മൂന്ന് തപാല്‍ ഡിവിഷനുകളാണ് ഓണ്‍ലൈനാകുന്നത്. ക്രമേണ മറ്റ് തപാല്‍ ഓഫീസുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. മേയ് ഒന്നിന് തിരുവനന്തപുരം നോര്‍ത്തിലും, എട്ടിന് തൃശ്ശൂരും, 15-ന് പാലക്കാട്ടും സി.എസ്.ഐ. സംവിധാനം നിലവില്‍വരും.

തപാല്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കും. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളുള്‍പ്പടെ ദൈനംദിന ഇടപാടുകള്‍, അക്കൗണ്ട് വിവരങ്ങള്‍, തപാല്‍ ഓഫീസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും ഓണ്‍ലൈനാകും. ജീവനക്കാരുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍, ശമ്പളം, അവധി, പി.എഫ്. എന്നിവയും ഓണ്‍ലൈന്‍ വഴി കൈകാര്യം ചെയ്യും. ഓരോ ദിവസവും ജീവനക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തും. ചെയ്യുന്ന കാര്യങ്ങളെല്ലാം ഓട്ടോമേറ്റഡ് രീതിയില്‍ അപ്ഡേറ്റാവും.

നിലവില്‍ തപാല്‍ ഓഫീസുകളില്‍ ലോക്കല്‍ സോഫ്റ്റ്വേറുകളാണുള്ളത്. ഓരോ ദിവസത്തെയും ഇടപാടുകള്‍ക്ക് ശേഷം എല്ലാ വിവരങ്ങളും സര്‍വറുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സി.എസ്.ഐ. സംവിധാനത്തിലൂടെ എല്ലാ ഇടപാടുകളും നേരിട്ട് സര്‍വറുമായി ബന്ധിപ്പിക്കാനാവും. ബ്രാഞ്ച്, സബ് പോസ്റ്റ് ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് തലത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ എന്‍ട്രിയിലൂടെ നടപ്പാക്കാന്‍ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button