മൂലമറ്റം: ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും സി.പി.എം ഇലപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴയിലെ ലോഡ്‌ജു മുറിയിലാണ് തിങ്കളാഴ്‌ച രാത്രി ഇലപ്പള്ളി കോളരിക്കല്‍ പാപ്പച്ചന്റെ മകന്‍ ഷെയ്‌ന്‍ (27) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷെയ്‌ന്‍ കിടന്നിരുന്ന മുറിയില്‍നിന്ന് ഒരു കത്തു കിട്ടിയതായി എസ്.ഐ: വിഷ്‌ണുകുമാര്‍ പറഞ്ഞു. ആത്മഹത്യ കമ്മ്യൂണിസ്‌റ്റുകാരനു ചേര്‍ന്നതല്ല, ക്ഷമിക്കണമെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കത്തില്‍ പറയുന്നു.
രാവിലെ ലോഡ്‌ജില്‍ മുറിയെടുത്ത ഷെയ്‌നെ ഫോണില്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇതിനു സമീപത്തു നിന്നു ബൈക്കു കണ്ടെത്തി. തുടര്‍ന്നു ലോഡ്‌ജില്‍ കയറി നോക്കിയപ്പോള്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്‌ന്‍ മരിച്ചിരുന്നു. പോലീസ് സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കാരം നടത്തി.
മൂന്നുമാസം മുന്‍പും കട്ടപ്പനയില്‍ കൈഞരമ്പുകള്‍ മുറിച്ച് ഷെയ്‌ന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് അന്ന് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. ചെറുപ്പത്തില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്നു ഷെയ്‌ന്റെ തലച്ചോറില്‍ രക്‌തം കയറിയിരുന്നു. ഇതു പിന്നീട് അസ്വസ്‌ഥതകള്‍ക്ക് ഇടയാക്കിയിരുന്നതായി വീട്ടുകാർ പറയുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനായ ഷെയ്‌ന്‍ മാതാപിതാക്കളും അനുജനും മാത്രമുള്ള കുടുബത്തിന്റെ താങ്ങും തണലുമായിരുന്നു.
Post Your Comments